ന്യൂദല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം തള്ളി സുപ്രീം കോടതി.
കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ കാര്യത്തില് കേരള പൊലീസ് ഇടപെടേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
കേരളത്തില്‍ മഅ്ദനിയെത്തുമ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് കര്‍ണാടക പൊലീസിന് തോന്നുകയാണെങ്കില്‍ അപ്പോള്‍ മാത്രം കേരള പൊലീസിനെ സമീപിച്ചാല്‍ മതി. അല്ലാതെ കേരളം ഈ കാര്യത്തില്‍ ഇടപെടേണ്ടെന്നും കോടതി വ്യക്തമാക്കി.
” ഒരാളെ ഏതു സംസ്ഥാനമാണോ കസ്റ്റഡിയില്‍വെച്ചത്, ആ വ്യക്തിയുടെ സംരക്ഷണ ചുമതല ആ സംസ്ഥാനമാണ് വഹിക്കേണ്ടത്. അതില്‍ മറ്റൊരു സംസ്ഥാനം ഇടപെടേണ്ട കാര്യമില്ല.” കോടതി വ്യക്തമാക്കി.
കേരളത്തിലേക്കുള്ള യാത്രയുടെ സുരക്ഷയ്ക്കായി 15ലക്ഷം രൂപ ചിലവിനത്തില്‍ നല്‍കണമെന്ന കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തുക കുറച്ചുതരണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്.
കേസ് പരിഗണിച്ച കോടതി രൂക്ഷമായാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. എന്തിനാണ് ഒരു ഉദ്യോഗസ്ഥന് ഇത്രയും തുക നല്‍കുന്നതെന്നു ചോദിച്ച കോടതി മഅ്ദനിയുടെ യാത്ര തടയാനുളള സര്‍ക്കാര്‍ ശ്രമമാണിതെന്ന് സംശയിക്കുന്നതായും വ്യക്തമാക്കിയിരുന്നു.