ബംഗളുരു: ബുധനാഴ്ച പി.ഡി.പി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പി.ഡി.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതു പിന്‍വലിക്കണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടിരിക്കുന്നത്.
“നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ രണ്ടുമൂന്നു കാരണങ്ങള്‍ക്കൊണ്ട് പിന്‍വലിക്കണമെന്ന് ഞാന്‍ പി.ഡി.പി നേതാക്കളോടും ഹര്‍ത്താലിനെ അനുകൂലിക്കുന്നവരോടും ആവശ്യപ്പെടുന്നു.” അദ്ദേഹം പറഞ്ഞു.
കേരളവുമായി ബന്ധമില്ലാത്ത വിഷയത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവുമായി ബന്ധമില്ലാത്ത വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കേരളജനതയെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകന്റെ വവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅ്ദനി വ്യക്തമാക്കി.
ഓഗസ്റ്റ് ഒമ്പതിനു തലശേരിയില്‍ വെച്ചാണ് മഅ്ദനിയുടെ മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹം. ഇതില്‍ പങ്കെടുക്കാനായി മഅ്ദനി നല്‍കിയ ജാമ്യ ഹര്‍ജി ബംഗളുരു കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പ്രഖ്യാപിച്ചത്.
അതിനിടെ മഅ്ദനിയുടെ നിര്‍ദേശം പരിഗണിച്ച പി.ഡി.പി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി അറിയിച്ചിട്ടുണ്ട്.