| Saturday, 8th July 2023, 2:02 pm

പിതാവിനെ കാണാന്‍ സാധിക്കാത്തതില്‍ ദുഖം; കേരള സര്‍ക്കാര്‍ മനുഷ്യത്വം കാണിച്ചു: മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിതാവിനെ കാണാതെ തിരിച്ച് പോകുന്നതില്‍ ദുഖമുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ആരോഗ്യകരമായ ബുദ്ധിമുണ്ടെന്നും എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യം കോടതിയുടെ നിര്‍ദേ

ശത്തിന് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും തന്നോട് മനുഷ്യത്വപരമായ നിലപാടാണ് സ്വീകരിച്ചതെന്നും മഅ്ദനി റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

‘പിതാവിനെ കാണാന്‍ കഴിയാത്തതില്‍ അതിയായ ദുഖമുണ്ട്. പക്ഷേ സാങ്കേതികമായി ഡയാലിസിസ് ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന് വേണ്ടി അഡ്മിറ്റായാല്‍ കൂടുതല്‍ ബുദ്ധിമുട്ടാകും.

കോടതിയിലെത്തുന്നതിന് പ്രയാസമാകുമെന്നതിനാലാണ്. കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് ആരോഗ്യത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നതിനാലാണ് ഇപ്പോള്‍ വന്നത്. കെ.സി വേണുഗോപാലും കേരള സര്‍ക്കാരും മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെത്തിയ മഅ്ദനി ഇന്നലെയാണ് ബെംഗളൂരുവിലേക്ക് തിരിച്ച് പോയത്. സുപ്രീം കോടതി നേരത്തെ നല്‍കിയ ഇളവിന്റെ കാലാവധി ജൂലൈ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു മടക്കയാത്ര.

ജാമ്യകാലാവധിയില്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പിതാവിനെ കാണാന്‍ മഅ്ദനി കേരളത്തിലേക്ക് വന്നിരുന്നത്. എന്നാല്‍ പിതാവിനെ കാണാന്‍ മഅ്ദനിക്ക് സാധിച്ചില്ല. ബെംഗളൂരിവില്‍ നിന്നുള്ള യാത്രയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വഷളാവുകയും കൊച്ചിയിലെ മെഡിക്കള്‍ ട്രെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിതാവിനെ മഅ്ദിയുടെ അടുത്ത് എത്തിക്കാനുള്ള ശ്രമവും ആരോഗ്യകാരണങ്ങളാല്‍ പരാജയപ്പെട്ടിരുന്നു. ഇനി ജൂലൈ പത്താം തിയ്യതിയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.

മഅ്ദനിയെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ വിദഗ്ധസംഘം പരിശോധിച്ചിരുന്നു.
ഭാര്യ സൂഫിയ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചത്. മഅ്ദനിക്ക് ഡയാലിസിസ് വേണ്ടിവരുമെന്നും ക്രിയാറ്റിന്‍ കൂടുതലാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മഅ്ദനിക്ക് കഴിഞ്ഞ 17നാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.

നേരത്തെ, കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ഓഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

content highlights: madani about father

We use cookies to give you the best possible experience. Learn more