ഒരു ക്യാപ്റ്റന്‍ ഇങ്ങനെയൊക്കെ പറയാന്‍ കൊള്ളാമോ?രോഹിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്ടര്‍
Sports News
ഒരു ക്യാപ്റ്റന്‍ ഇങ്ങനെയൊക്കെ പറയാന്‍ കൊള്ളാമോ?രോഹിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th August 2023, 8:39 pm

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബി.സി.സി.ഐ സെലക്ടര്‍ മദന്‍ ലാല്‍. രോഹിത്തിന്റെ ബാറ്റിങ് ലൈനപ്പിനെ കുറിച്ചുള്ള കമന്റുകളാണ് മദന്‍ ലാലിനെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ തീരുമാനങ്ങളെ ‘വിചിത്രം’ എന്നാണ് മദന്‍ ലാല്‍ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ നിരയില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാമെന്നായിരുന്നു രോഹിത് പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ ഫ്‌ളെക്‌സിബിലിറ്റി കാണിക്കാനായിരുന്നു രോഹിത് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ മുന്‍ ഓള്‍റൗണ്ടര്‍ കൂടിയായ മദന്‍ ലാല്‍ ഇതിനോട് യോജിക്കുന്നില്ല.

എല്ലാ താരങ്ങളോടും എല്ലാ പൊസിഷനിലും ബാറ്റ് ചെയ്യണമെന്ന് പറയുന്നത് മണ്ടത്തരണമാണെന്നും സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്ക് അവര്‍ക്ക് അനുയോജ്യമായ പൊസിഷന്‍ നല്‍കണമെന്നും മദന്‍ ലാല്‍ പറഞ്ഞു. പൊസിഷന്‍ മാറ്റികോണ്ടിരുന്നാല്‍ ബാറ്റര്‍മാരുടെ കോണ്‍ഫിഡെന്‍സ് നഷ്ടമാകുമെന്നും പെട്ടെന്ന് ചെന്ന് ബാറ്റ് ചെയ്യാന്‍ ഇത് ടി-20 ഗെയിമല്ലെന്നും മദന്‍ പറയുന്നുണ്ട്.

‘നിങ്ങള്‍ പറഞ്ഞു, എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടാമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്. ഞാന്‍ അതിനോട് അംഗീരിക്കുന്നില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ അവരുടെ ഇഷ്ട പൊസിഷനില്‍ ബാറ്റ് ചെയ്യണം. ഇന്ത്യക്ക് ഏഷ്യാ കപ്പും ലോകകപ്പും നേടണമെങ്കില്‍, നാല് മുതല്‍ എട്ട് വരെയുള്ള ബാറ്റര്‍മാരുടെ കയ്യില്‍ നിന്നും അവര്‍ക്ക് മികച്ച പ്രകടനം ആവശ്യമാണ്. മധ്യ ഓവറുകളില്‍ അവരാണ് കളി നയിക്കേണ്ടത്.

പൊസിഷന്‍ മാറ്റികോണ്ടിരുന്നാല്‍ ബാറ്റര്‍മാരുടെ കോണ്‍ഫിഡെന്‍സ് നഷ്ടമാകുമെന്നും പെട്ടെന്ന് ചെന്ന് ബാറ്റ് ചെയ്യാന്‍ ഇത് ടി-20 ഗെയിമല്ലെന്നും മദന്‍ പറയുന്നുണ്ട്.

‘ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിമറിച്ചാല്‍ ആര്‍ക്കും ആത്മവിശ്വാസം ലഭിക്കില്ല. മത്സര സാഹചര്യത്തെ ആശ്രയിച്ച് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒന്നോ രണ്ടോ കളിക്കാരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ കഴിയും, എന്നാല്‍ ഓരോ കളിക്കാരനും അവരുടെ റോളും ആ മധ്യഘട്ടത്തില്‍ റണ്‍സ് നേടുന്നതിന് അവര്‍ എന്താണ് ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കണം.

നിങ്ങള്‍ പോയി ഒന്ന് ബാറ്റ് ചെയ്ത് ഔട്ടായി തിരിച്ചുവരാന്‍ ഇത് ടി20 അല്ല. ഇവിടെ, നിങ്ങള്‍ക്ക് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടതുണ്ട്. ടോപ്പ്-ഓര്‍ഡര്‍ നന്നായി ആരംഭിക്കുകയാണെങ്കില്‍, മികച്ച ടോട്ടല്‍ നേടുന്നതിന് നിങ്ങളുടെ മധ്യനിരയ്ക്ക് ആ വേഗത വഹിക്കേണ്ടതുണ്ട്, ടോപ്പ്-ഓര്‍ഡര്‍ പരാജയപ്പെടുകയാണെങ്കില്‍, മധ്യനിരയിലെ ബാറ്റര്‍മാര്‍ മികച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ടോട്ടല്‍ നേടാനാകും. അതിനാല്‍ ഇത് ഒരു സ്‌പെഷ്യലിസ്റ്റ് സ്ഥാനമാണ്. ആര്‍ക്കും എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ പറഞ്ഞത് എനിക്ക് വിചിത്രമായി തോന്നി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight:  Madan Lal Slams Rohit Sharma