| Wednesday, 1st June 2022, 11:51 pm

സംഗക്കാര പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍, പരാഗ് വലിയ കളിക്കാരൊന്നുമല്ല; തുറന്നടിച്ച് ഇന്ത്യന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെച്ചത്. ഫൈനലില്‍ തോറ്റെങ്കിലും മികച്ച പ്രകടനമായിരുന്നു ടീം സീസണില്‍ ഒട്ടാകെ നടത്തിയത്. എന്നാല്‍ ടീമിലെ യുവതാരമായ റിയാന്‍ പരാഗ് വളരെ മോശം പ്രകടനമായിരുന്നു സീസണില്‍ പുറത്തെടുത്തത.്

ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ ടീമിലുണ്ടായിരുന്നു താരമെന്നാല്‍ ബാറ്റിംഗിലും ബൗളിംഗിലും ഓര്‍മിക്കപെടുന്ന ഒരു പ്രകടനം പോലും നടത്തിയിട്ടില്ലായിരുന്നു. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന പരാഗ് ടീമിന് ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും അവസരത്തിനൊത്തുയരാന്‍ സാധിച്ചില്ലായിരുന്നു.

ലോകകപ്പ് ജേതാവും ഇതിഹാസവുമായ മദന്‍ ലാലാണ് പരാഗിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഐ.പി.എല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ പരാഗ് ഒരു പുരോഗതിയും കാണിച്ചിട്ടില്ലയെന്നാണ്.

‘റിയാന്‍ പരാഗ് എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ട്, പക്ഷേ ബാറ്റ്‌കൊണ്ട് ഒരു മികച്ച പ്രകടനം പോലും നല്‍കിയിട്ടില്ല. ടി-20 ക്രിക്കറ്റില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന സ്ലോട്ട് വളരെ പ്രധാനമാണ്. നിങ്ങള്‍ റണ്‍സ് നേടിയില്ലെങ്കില്‍, ടീമില്‍ തുടരാനുള്ള നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും,’ മദന്‍ ലാല്‍ പറഞ്ഞു .

ഫിനിഷര്‍ റോളായിരുന്നു പരാഗിന് രാജസ്ഥാന്‍ നല്‍കിയത് എന്നാല്‍ ഫൈനലിലടക്കം താരം ടീമിന്റെ പ്രതീക്ഷകള്‍ കാത്തില്ല. 14 ഇന്നിംഗ്‌സില്‍ നിന്നും 16.64 ശരാശരിയില്‍ 183 റണ്ണാണ് താരം ആകെ നേടിയത്.

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന പരാഗിന്റെ ബാറ്റില്‍ നിന്നും ഇതുപോലുള്ള പ്രകടനങ്ങളല്ല ടീമുകള്‍ ആഗ്രഹിക്കുക. 3.80 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ യുവതാരത്തെ തിരികെ ടീമിലെത്തിച്ചത്. ഫീല്‍ഡിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നുവെങ്കിലും ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ പരാജയം തന്നെയായിരുന്നു പരാഗ്.

നേരത്തെ അടുത്ത സീസണില്‍ താരത്തിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കികൊണ്ട് മികച്ച പ്രകടനങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ച് കുമാര്‍ സംഗക്കാര പരാഗിനെ പിന്തുണച്ചുകൊണ്ട് ് പറഞ്ഞിരുന്നു.

എന്തായാലും അടുത്ത സീസണില്‍ താരത്തില്‍ നിന്നും മികച്ച ഫീല്‍ഡിങിന് പുറമെ ഓള്‍റൗണ്ട് പ്രകടനം ടീം ആഗ്രഹിക്കുന്നുണ്ടെന്ന വ്യക്തം. ഈ സീസണില്‍ 17 ക്യാച്ചുകളുമായി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയത് പരാഗായിരുന്നു.

Content HIghlights : Madan lal says Riyan Parag was failure in ipl

We use cookies to give you the best possible experience. Learn more