| Thursday, 3rd February 2022, 10:19 pm

തുടരന്വേഷണം വന്നാല്‍ മാഡം പുറത്തുവരും, അത് ദിലീപിന് ബുദ്ധിമുട്ടാകും,ആ പേടിയാണ് ദിലീപിന്: ബാലചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ദിലീപ് പറയുന്നതിന്റെ കാരണം സംഭവത്തില്‍ പങ്കുള്ള സ്ത്രീയെ തിരിച്ചറിയുമെന്നതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേസില്‍ തുടരന്വേഷണം നടന്നാല്‍ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന് ദിലീപിന് അറിയാമെന്നും സ്ത്രീസാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘ഇനി പഴുതടച്ച അന്വേഷണം വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീ സാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകും. മാഡത്തിന്റെ പങ്കാണ് പുറത്തുവരിക. മറ്റൊരു ആള്‍ക്ക് വേണ്ടി ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടരന്വേഷണം നടന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും. ആ പറഞ്ഞ സ്ത്രീയാര്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ദിലീപ് ഉത്തരം പറയേണ്ടി വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘ഇതോടെ മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്. അതുകൊണ്ടാണ് തുടരന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹരജികളുമായി ഓടുന്നതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായാണ് സൂചന. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം.

ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നതായും സൂചനയുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദിലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം തുടരും. നാളെ 1.45 ന് വാദം പുനരാരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്. നാളെ പ്രോസിക്യൂഷന്റെ വാദമാണ് ഉണ്ടാവുക.

വളരെ ഗൗരവമുള്ള ഒരു കേസിനെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ ഇതിനിടെ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെയാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.

അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്നും വാദം പൂര്‍ത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി.


Content Highlights: Madam will come out if further investigation comes, it will be difficult for Dileep, that is the fear for Dileep: Balachandrakumar

We use cookies to give you the best possible experience. Learn more