അന്റ്റനരാരിവൊ: ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട മഡഗാസ്‌കര്‍ സര്‍ക്കാരിലെ മന്ത്രി 12 മണിക്കൂറോളം നീന്തി തീരത്ത് സുരക്ഷിതനായെത്തി.
മന്ത്രി സെര്‍ജെ ഗെല്ലെയാണ് കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗെല്ലെയടക്കം ആകെ രണ്ട് പേര്‍ മാത്രമാണ് കുറഞ്ഞത് 39 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിന്റെ വടക്കുകിഴക്കന്‍ തീരത്തിന് സമീപത്തുവെച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയായിരുന്നു.
മഡഗാസ്‌കര്‍ പൊലീസിന്റെ സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് 57കാരനായ ഗെല്ലെ. ഇദ്ദേഹത്തിനൊപ്പം ഒരു പൊലീസുകാരനും അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ട്.
തീരദേശ നഗരമായ മഹാമ്പൊയിലാണ് ഇരുവരും ചൊവ്വാഴ്ച നീന്തിയെത്തിയത്. ”എനിക്ക് മരിക്കാനുള്ള സമയം ഇതുവരെ ആയിട്ടില്ല,” ഗെല്ലെ പ്രതികരിച്ചു. തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി 7:30 മുതല്‍ ചൊവ്വാഴ്ച രാവിലെ 7:30 വരെ താന്‍ കടലിലൂടെ നീന്തിയെന്നാണ് ഗെല്ലെ പറഞ്ഞത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസും അധികൃതരും പ്രതികരിച്ചത്.