| Thursday, 25th March 2021, 10:02 am

മാക്രോണിന് നെഞ്ചിടിപ്പ് കൂടി; തെരഞ്ഞെടുപ്പില്‍ കടന്നുകൂടാനാണ് ഏര്‍ദോഗാന്റെ കളിയെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: തുര്‍ക്കിയുടെ പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അടുത്ത വര്‍ഷം ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒരിടവേളക്ക് ശേഷം തുര്‍ക്കി, ഫ്രാന്‍സ് തര്‍ക്കങ്ങള്‍ വീണ്ടും സജീവമാകുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അനാവശ്യ ഇടപെടല്‍ നടത്താനുള്ള തുര്‍ക്കിയുടെ നടപടി വകവെച്ച് കൊടുക്കില്ല.

”അങ്കാരയില്‍ നിന്നുള്ള ആളുകളുടെ പെരുമാറ്റം ശരിയായ രീതിയില്‍ അല്ലെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് തടസ്സമാകും,” മാക്രോണ്‍ പറഞ്ഞു. തെരഞ്ഞടുപ്പില്‍ ഇടപെടാനുള്ള എര്‍ദോഗാന്റെ ശ്രമങ്ങള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തവര്‍ഷമാണ് ഫ്രാന്‍സില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീവ്ര വലതുപാര്‍ട്ടി നേതാവ് മരീനെ ലേ പെന്നില്‍ നിന്ന് കടുത്ത പോരാട്ടമായിരിക്കും മാക്രോണിന് നേരിടേണ്ടി വരുക എന്നാണ് സൂചനകള്‍.

ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് ത്വയ്ബ് എര്‍ദൊഗാന്‍ നേരത്തെ മുന്നോട്ടുവന്നിരുന്നു. ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചായിരുന്നു എര്‍ദൊഗാന്റെ ആഹ്വാനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ അങ്കാരയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു
മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് ആവശ്യപ്പെടണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്‍ദൊഗാന്‍ പരിഹസിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Macron warns Turkey against election meddling

We use cookies to give you the best possible experience. Learn more