പങ്കാളി ട്രാൻസ്ജൻഡർ ആണെന്ന അഭ്യൂഹം; സ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ ആക്രമണങ്ങൾക്ക് ഉദാഹരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌
World News
പങ്കാളി ട്രാൻസ്ജൻഡർ ആണെന്ന അഭ്യൂഹം; സ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ ആക്രമണങ്ങൾക്ക് ഉദാഹരണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 8:51 am

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ പങ്കാളി ബ്രിജിറ്റ് മക്രോൺ ട്രാൻസ് വനിതയാണെന്ന ദീർഘകാലമായി തുടരുന്ന അഭ്യൂഹങ്ങൾക്കെതിരെ മക്രോൺ രംഗത്ത്.

തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച സാഹചര്യങ്ങളുമാണ് ഏറ്റവും മോശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഏറ്റവും മോശമായ കാര്യം തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച സാഹചര്യങ്ങളുമാണ്. ജനങ്ങൾ അത് പതിയെ വിശ്വസിക്കും. എന്നിട്ട് നിങ്ങളുടെ സ്വകാര്യതയിൽ പോലും നിങ്ങളുടെ സ്വൈര്യം കെടുത്തും,’ മക്രോൺ പറഞ്ഞു.

ഗർഭച്ഛിദ്രം നടത്താൻ നിയമപരിരക്ഷ നൽകുന്ന ചരിത്ര നിയമം ഫ്രാൻസിൽ കൊണ്ടുവന്നതിന് ശേഷം അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പങ്കാളിക്കെതിരെ നടക്കുന്ന ട്രാൻസ്ജൻഡർ ആരോപണങ്ങൾ, സ്ത്രീകൾ നിത്യവും നേരിടുന്ന സ്ത്രീവിരുദ്ധമായ ഓൺലൈൻ ആക്രമണങ്ങൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

2021ലാണ് 70കാരിയായ ബ്രിജിറ്റ് മക്രോണിനെതിരെ രണ്ട് ഫ്രഞ്ച് സ്ത്രീകൾ ആദ്യമായി ആരോപണവുമായി രംഗത്ത് വന്നത്. ഇവർ തമ്മിലുള്ള യൂട്യൂബ് അഭിമുഖവും ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ നേടി. ജീൻമൈക്കൽട്രോഗ്ന്യൂക്സ് എന്ന ഹാഷ്ടാഗ് പെട്ടെന്ന് വൈറലായി. ജീൻ മൈക്കൽ ട്രോഗ്ന്യൂക്സ് എന്നായിരുന്നു ബ്രിജിറ്റിന് ജനിച്ചപ്പോൾ നൽകിയ പേരെന്നും അവർ ആൺകുട്ടിയായാണ് ജനിച്ചത് എന്നുമായിരുന്നു അഭ്യൂഹം.

അതേസമയം ബ്രിജിറ്റിന്റെ സഹോദരന്റെ പേരാണ് ജീൻ.

2022ൽ സ്വതന്ത്ര മാധ്യമപ്രവർത്തകയായ നതാഷ റേ, സ്വയം പ്രഖ്യാപിത മനഃശാസ്ത്രജ്ഞ അമാൻഡിൻ റോയ് എന്നിവർക്കെതിരെ ഫ്രഞ്ച് പ്രഥമ വനിതയും സഹോദരനും കേസ് നൽകി.

തന്നെക്കാൾ 24 വയസ് പ്രായക്കൂടുതലുള്ള തന്റെ ഹൈസ്കൂൾ അധ്യാപികയെ വിവാഹം ചെയ്തതിന് മക്രോൺ നിരന്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നു. മക്രോണിന് 17 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് തന്റെ അധ്യാപികയെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് മക്രോൺ പ്രഖ്യാപിക്കുന്നത്.

Content Highlight: Macron slams recurrent rumors about wife’s gender