| Wednesday, 26th June 2024, 11:00 pm

'മാക്രോണ്‍ ടോക്‌സിക് ബ്രാന്‍ഡാവാന്‍ സാധ്യത'; ഇമ്മാനുവല്‍ മാക്രോണിനെ തഴയാനൊരുങ്ങി സഖ്യകക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ തഴഞ്ഞ് സഖ്യകക്ഷികള്‍. ഫ്രാന്‍സിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാക്രോണിന്റെ സഖ്യകക്ഷികള്‍ അദ്ദേഹത്തില്‍ നിന്ന് അകലം പാലിക്കാനൊരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഇമ്മാനുവല്‍ മാക്രോണ്‍ എന്നത് ഒരു ടോക്‌സിക് ബ്രാന്‍ഡാവാന്‍ സാധ്യതയുണ്ടെന്ന് സഖ്യകക്ഷികള്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി വിജയത്തിന് പിന്നാലെ, നാഷണല്‍ അസംബ്ലി പിരിച്ചുവിട്ട് സ്‌നാപ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ ഇമ്മാനുവല്‍ മാക്രോണ്‍ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തെ ആദ്യഘട്ടത്തില്‍ സഖ്യകക്ഷികളായ നേതാക്കള്‍ പിന്തുണച്ചിരുന്നെങ്കിലും, പിന്നീട് ഇവര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സഖ്യകക്ഷികള്‍ മാക്രോണില്‍ നിന്ന് അകലുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഫ്രഞ്ച് പ്രസിഡന്റിനെ അനുകൂലിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും അവരുടെ പോസ്റ്ററുകളില്‍ മക്രോണിന്റെ ചിത്രം പതിപ്പിച്ചിട്ടില്ല. പ്രസിഡന്റിന്റെ ചിത്രം പോസ്റ്ററുകളില്‍ പതിപ്പിക്കരുതെന്ന് ചില സ്ഥാനാര്‍ത്ഥികള്‍ നിര്‍ദേശം നല്‍കിയതായി പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടുത്ത സ്രോതസുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് പറഞ്ഞു.

തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്താന്‍ മക്രോണിനോടൊപ്പം നിന്ന് പോരാടുമെന്ന് പറയാന്‍ സഖ്യകക്ഷികള്‍ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ മുന്നോട്ടുവെക്കാന്‍ സഖ്യകക്ഷികളുടെ പക്കല്‍ സ്ഥിരമായതും ഉറപ്പുള്ളതുമായ വോട്ട് കേന്ദ്രങ്ങളും ഡാറ്റകളും ഇല്ലെന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മാക്രോണിന്റെ സഖ്യകക്ഷികളായ ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍, പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടല്‍ എന്നിവര്‍ അടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ അകലം പാലിക്കുന്നവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് വോട്ടെടുപ്പില്‍ മറൈന്‍ ലെ പെന്നിന്റെ ആര്‍.എന്‍ പാര്‍ട്ടിയാണ് വന്‍ വിജയം നേടിയത്. 32% വോട്ട് നേടിയാണ് മറൈന്‍ വിജയിച്ചത്. അതേസമയം, മാക്രോണിന്റെ നവോത്ഥാന പാര്‍ട്ടി 14.6% വോട്ട് മാത്രമാണ് നേടിയത്.

Content Highlight: Macron’s allies are reportedly planning to distance themselves from him ahead of the French election

We use cookies to give you the best possible experience. Learn more