ഗബ്രിയേൽ അറ്റലിനെ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തി മക്രോൺ; രാജ്യത്തെ ആദ്യ ഗേ പ്രധാനമന്ത്രി
World News
ഗബ്രിയേൽ അറ്റലിനെ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തി മക്രോൺ; രാജ്യത്തെ ആദ്യ ഗേ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 9:11 am

പാരീസ്: ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അറ്റലിനെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ. എലിസബത്ത് ബോൺ രാജി വെച്ചതിനെ തുടർന്നാണ് 34കാരനായ അറ്റൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെടുന്നത്.

2022ൽ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മക്രോണിന്റെ പാർട്ടി അഴിച്ചുപണിയുടെ ഭാഗമായാണ് എലിസബത്ത് ബോണിനോട് രാജി വെക്കാൻ ആവശ്യപ്പെട്ടത്.

രാജ്യത്തെ ആദ്യ ഗേ പ്രധാനമന്ത്രി കൂടിയാണ് ഗബ്രിയേൽ അറ്റൽ. തന്റെ പ്രസിഡൻസിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അറ്റലിന്റെ പ്രതിബദ്ധതയെയും ഊർജത്തെയും ആശ്രയിക്കുന്നതായി മക്രോൺ എക്‌സിൽ കുറിച്ചു.

പൊതുജനാഭിപ്രായം പ്രതികൂലമായ സാഹചര്യത്തിൽ എലിസബത്ത് ബോണിന്റെ സർക്കാർ ഡിസംബർ എട്ടിനാണ് രാജി വെച്ചത്. വോട്ടെടുപ്പ് ഇല്ലാതെ കഴിഞ്ഞ വർഷം ബോണിന്റെ മന്ത്രിസഭ പെൻഷൻ പരിഷ്കരണം നടപ്പാക്കിയത് ജനപ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു.

പണപ്പെരുപ്പവും അനധികൃത കുടിയേറ്റവും മറികടക്കുന്നതിൽ ബോൺ പരാജയപ്പെട്ടുവെന്നും വിമർശനം ഉണ്ടായിരുന്നു. തുടർന്ന് നാഷണൽ റാലി പാർട്ടിക്ക് ജനപിന്തുണ വർധിച്ചിരുന്നു.

പദവിയിൽ തുടരാൻ ബോണിന് താത്പര്യമുണ്ടായിരുന്നുവെന്നും രാജി വെക്കാൻ നിർബന്ധിതയാകുകയാണെന്നും രാജിക്കത്തിൽ പറയുന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

പാരീസ് ഒളിമ്പിക്സും യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കാൻ മാസങ്ങൾ ബാക്കിയിരിക്കെയാണ് സർക്കാരിൽ അഴിച്ചുപണി നടന്നത്. യൂറോപ്പ്യൻ യൂണിയൻ പാർലമെന്റിൽ മക്രോണിന്റെ പാർട്ടിക്ക് ഒരുപാട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ.

Content Highlight: Macron appoints openly gay 34-year-old as new French PM