മെസിയെ കാത്ത എമിയുടെ ചിറകുകള്‍ പോലെ ഓസീസിനെ കാത്ത കാവല്‍ മാലാഖ; ചരിത്രമാവര്‍ത്തിക്കാന്‍ അവള്‍ക്കാകുമോ
Sports News
മെസിയെ കാത്ത എമിയുടെ ചിറകുകള്‍ പോലെ ഓസീസിനെ കാത്ത കാവല്‍ മാലാഖ; ചരിത്രമാവര്‍ത്തിക്കാന്‍ അവള്‍ക്കാകുമോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th August 2023, 11:08 am

വനിതാ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്ന്‍ സ്വീഡനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. ആഗസ്റ്റ് 15ന് ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ നാളെ ഓസ്‌ട്രേലിയയുടെ സ്വന്തം തട്ടകത്തില്‍ വെച്ച് രണ്ടാം സെമി ഫൈനല്‍ മത്സരവും അരങ്ങേറും.

സ്വന്തം മണ്ണില്‍ സെമി ഫൈനലിന് കളമൊരുങ്ങുമ്പോള്‍ ഓസ്‌ട്രേലിയന്‍ ആരാധകരുടെ പ്രതീക്ഷ മുഴുവനും മക്കെന്‍സി അര്‍ണോള്‍ഡ് എന്ന 29കാരിയിലാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹോം ടീമിനെ സ്വന്തം ചിറകില്‍ താങ്ങി നിര്‍ത്തിയ ഓസീസിന്റെ സ്വന്തം ഗോള്‍കീപ്പറെയാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

അതിനാടകീയം എന്നല്ലാതെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കാതിരുന്ന ഓസ്‌ട്രേലിയ – ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരുപതോളം ഷോട്ടുകളാണ് മക്കെന്‍സി തടുത്തിട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഓസീസ് 7-6 എന്ന സ്‌കോറില്‍ വിജയിക്കുമ്പോള്‍ അതിന്റെ എല്ലാ ക്രെഡിറ്റും മക്കെന്‍സിക്ക് മാത്രം ഉള്ളതായിരുന്നു.

 

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഫ്രാന്‍സിന്റെ ആദ്യ ഷോട്ട് തന്നെ തടുത്തിട്ടാണ് മക്കെന്‍സി തുടങ്ങിയത്. ആദ്യ ഷോട്ട് ഓസീസ് വലയിലെത്തിച്ചതോടെ സ്‌റ്റേഡിയം ആവേശത്തിലായി. എന്നാല്‍ പിന്നാലെയെടുത്ത മൂന്ന് കിക്കും ഫ്രാന്‍സ് വലയിലെത്തിച്ചപ്പോള്‍ രണ്ടാം കിക്കെടുത്ത ഓസീസിന് പിഴച്ചു. എന്നാല്‍ മൂന്നും നാലും ഷോട്ട് വലയിലെത്തിച്ച ഓസീസ് നാല് കിക്കിന് ശേഷം 3-3 എന്ന നിലയില്‍ തുടര്‍ന്നു.

നിര്‍ണായകമായ അഞ്ചാം കിക്ക് മക്കെന്‍സി തടുത്തിട്ട് ഓസീസിന് അഡ്വാന്റേജ് നല്‍കി. എന്നാല്‍ ടീമിന്റെ ഡബിള്‍ ഹീറോ ആകാനൊരുങ്ങിയ മക്കെന്‍സിക്ക് പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ ഇരുവരും 3-3ല്‍ സഡന്‍ ഡെത്തിലേക്ക് കടന്നു.

സഡന്‍ ഡെത്തിലെ ആദ്യ മൂന്ന് ഷോട്ടുകളും ഇരു ടീമും ഗോളാക്കി മാറ്റി.

ഫ്രാന്‍സിനായി ഒമ്പതാം കിക്കെടുത്ത വിക്കി ബെച്ചോക്ക് പിഴച്ചു. താരത്തിന്റെ ഷോട്ട് ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്ത മക്കെന്‍സി തടുത്തിട്ടു. എന്നാല്‍ ഷോട്ട് എടുക്കുന്നതിന് മുമ്പ് തന്നെ മക്കെന്‍സി ഗോള്‍ ലൈനിന് പുറത്തുവന്നതിനാല്‍ കിക്ക് വീണ്ടുമെടുക്കാന്‍ റഫറി ആവശ്യപ്പെട്ടു.

ആവേശത്തിലായ സ്റ്റേഡിയം ഒന്നടങ്കം നിരാശയിലേക്ക് വീണ നിമിഷമായിരുന്നു അത്. എന്നാല്‍ തങ്ങള്‍ക്കായി ആര്‍പ്പുവിളിച്ച ആരാധകരെ നിരാശരാക്കാന്‍ മക്കെന്‍സി ഒരുക്കമായിരുന്നില്ല. വീണ്ടും ഇടതുഭാഗത്തേക്ക് ചാടിയ മക്കെന്‍സി ബെച്ചോയുടെ ഷോട്ട് ഒരിക്കല്‍ക്കൂടി തടഞ്ഞിട്ടു.

ശേഷം എല്ലാ കണ്ണുകളും 21കാരിയായ കോട്‌നി വൈനിലേക്കായി. ആദ്യ ലോകകപ്പിന്റെ സമ്മര്‍ദ്ദമേറെയുണ്ടായിരുന്ന വൈന്‍ എന്നാല്‍ തോല്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. താരത്തിന്റെ ഷോട്ട് വലതുളച്ച് കയറിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ സെമിയിലേക്ക്.

ഫ്രാന്‍സ് –          ❌ ✅ ✅ ✅ ❌ ✅ ✅ ✅ ❌❌

ഓസ്‌ട്രേലിയ – ✅ ❌ ✅ ✅ ❌ ✅✅✅ ❌ ✅

 

 

സെമി ഫൈനല്‍ മത്സരത്തിലും കരുത്തരായ ഇംഗ്ലണ്ടിന് മുമ്പില്‍ മക്കെന്‍സി പ്രതിരോധം തീര്‍ക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സ്‌റ്റേഡിയം ഓസ്‌ട്രേലിയയില്‍ നടക്കുന്ന മത്സരത്തില്‍ മക്കെന്‍സിക്ക് വീണ്ടും അതിന് സാധിച്ചാല്‍ ഓസീസ് ചരിത്രത്തിലെ ഏറ്റവും ധീരയായ ഗോള്‍ കീപ്പറായി മക്കെന്‍സിയുടെ പേര് രേഖപ്പെടുത്തപ്പെടും.

 

 

Content highlight:  Mackenzie Arnold’s performance at Women’s World Cup