മക്ക മസ്ജിദ് കേസ് വീണ്ടും പുനരാരംഭിക്കണം; ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകർ
India
മക്ക മസ്ജിദ് കേസ് വീണ്ടും പുനരാരംഭിക്കണം; ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 9:14 am

ഹൈദരാബാദ്: ഹൈദരാബാദിലെ മക്ക മസ്ജിദ് ബോംബ് സ്ഫോടന കേസ് പുനരാരംഭിക്കാൻ ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകർ. ആക്രമണം നടന്ന് 17 വർഷം തികയവെയാണ് കേസ് പുനരാരംഭിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകർ രംഗത്തെത്തുന്നത്.

പതിനാല് പേരുടെ ജീവനെടുക്കുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് മക്ക മസ്ജിദ് സ്ഫോടന കേസ്. അതോടൊപ്പം കേസിനെക്കുറിച്ച് ഭാസ്കർ റാവു കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ട് പരസ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പള്ളി ആക്രമണത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾക്കുനേരെ പോലീസ് വെടിയുതിർത്തതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിശ്വാസികൾ ഒരു വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിനിരയായ വ്യക്തികൾക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. മക്ക മസ്ജിദ് കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെവിടുകയായിരുന്നു.

ഇത് ആക്രമണത്തിനിരയായവരോടുള്ള നീതി നിഷേധവും പരിഹാസവുമാണെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടണം എന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. ഇരകൾക്ക് നീതി ലഭിക്കാൻ സർക്കാർ കോടതിയിൽ അപ്പീൽ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക മസ്ജിദ് കേസിന്റെ വിധി നീതിന്യായ വിധിയോടുള്ള പരിഹാസമാണെന്നും സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിച്ചു.

ഈ ശനിയാഴ്ച ഭീകരാക്രമണം നടന്ന് 17 വർഷം പൂർത്തിയായിരിക്കുകയാണ്. അന്നേദിവസം തന്നെയാണ് സാമൂഹ്യ പ്രവർത്തകരായ മസൂദ്, മൗനിസ് ആബിദി, കനീസ് ഫാത്തിമ, സാറ മാത്യൂസ്, ഖാലിദ പറവിൻ, അലി അസ്ഗർ എന്നിവർ കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പൊലീസ് ഇരകളോട് കാണിച്ച അനാസ്ഥയും അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്നത്തെ ബോംബ് സ്ഫോടനത്തിനിടെ ഒമ്പത് ആളുകളാണ് കൊല്ലപ്പെട്ടത്. ബാക്കി അഞ്ച് ആളുകൾ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലായിരുന്നു. ആക്രമണം നടന്നതിനെ തുടർന്ന് ജനങ്ങൾ രോഷാകുലരാവുകയായിരുന്നു. പിന്നാലെ ജനങ്ങൾക്ക് നേരെ പൊലീസ് വെടിവയ്പ്പ് നടത്തുകയുമായിരുന്നു.

ഹുസ്സൈനി പൊലീസും സി.ബി.ഐയും നടത്തിയ അന്വേഷണത്തിൽ കേസിൽ ഹിന്ദുത്വവാദികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാൽ കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ .ഐ.എ) ഏറ്റെടുത്തപ്പോൾ കുറ്റവാളികളായി നബാ കുമാർ സർക്കാർ, അലിയാസ് സ്വാമി അസീമാനന്ദ തുടങ്ങിയവർ കൂടി കേസിന്റെ കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ തീവ്ര ഹിന്ദുത്വവാദികളാണ്. പക്ഷെ നിരവധി വാദങ്ങൾക്ക് ശേഷം പ്രത്യേക എൻ.ഐ.എ കോടതി 2018 ൽ തീവ്രഹിന്ദുത്വ വാദികളായ പ്രതികളെയെല്ലാം വെറുതെ വിടുകയായിരുന്നു.

ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വരാഞ്ഞത് ഞെട്ടൽ ഉളവാക്കിയെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞിരുന്നു. വിധിക്കെതിരെ അപ്പീൽ കൊടുക്കാൻ ശ്രമിച്ച ഇരകളെയും എൻ.ഐ.എ സ്പെഷ്യൽ കോടതി തടയുകയായിരുന്നു.

 

Content Highlight: Macca Masjid case reopening after 17 years later