| Sunday, 14th May 2023, 5:21 pm

അദ്ദേഹം എവിടെ കളിച്ചാലും തിളങ്ങി നില്‍ക്കാന്‍ സാധിക്കും; ഇതിഹാസ താരത്തെ കുറിച്ച് മാക് അലിസ്റ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കവെ മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

വിഷയത്തില്‍ അര്‍ജന്റൈന്‍ ദേശീയ ടീമിലെ മെസിയുടെ സഹതാരം മാക് അലിസ്റ്റര്‍ മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.
മെസി ഇംഗ്ലണ്ടില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും അദ്ദേഹം തന്നെയാകുമായിരുന്നു മികച്ച താരമെന്നാണ് അലിസ്റ്റര്‍ പറഞ്ഞത്. മെസിയുടെ കഴിവുകള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണെങ്കില്‍ താരത്തിന് അവിടെയും ആധിപത്യം സ്ഥാപിക്കാനാകുമെന്നും അലിസ്റ്റര്‍ പറഞ്ഞു. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

‘മെസി പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും അദ്ദേഹം തന്നെയായിരിക്കും ബെസ്റ്റ് എന്നതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തിനത് ബുദ്ധിമുട്ടായിരിക്കുമോ? എനിക്ക് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ടൂര്‍ണമെന്റില്‍ അത് മെസി അത് തെളിയിച്ചിട്ടുണ്ട്.
അദ്ദേഹം എത്ര കഴിവുള്ള താരമാണെന്നും ടീമിന് എത്രമാത്രം പ്രാധാന്യമുള്ളയാളാണെന്നും ഇതിനകം തെളിയിച്ചുണ്ട്,’ അലിസ്റ്റര്‍ പറഞ്ഞു.

അര്‍ജന്റീനക്കാര്‍ മെസിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കാരണമാണ് തങ്ങള്‍ ലോകചാമ്പ്യനായതെന്നും അലിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മെസിയെ ക്ലബ്ബിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി പലപ്പോഴായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തിയത്.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞും മെസി തന്റെ തീരുമാനം അറിയിച്ചിരുന്നില്ല.

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന മെസിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്ന ഓഫര്‍.

താരം അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങുന്നതോടെ താരം മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി.എസ്.ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് താരത്തെ ക്ലബ്ബ് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു അത്.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പി.എസ്.ജിയുമായുള്ള കാരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് മാറ്റത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും മെസിയും പിതാവ് ജോര്‍ജ് മെസി അറിയിച്ചതായി പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മെസിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ജോര്‍ജ് മെസി അങ്ങനെ പറഞ്ഞതെന്നും മെസി അല്‍ ഹിലാലിലേക്ക് പോകുമെന്നത് തീരുമാനിച്ചുറപ്പിച്ച കാര്യമാണെന്നും ഫ്രഞ്ച് പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

എന്നിരുന്നാലും ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ മെസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരം യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിടില്ലെന്നും ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

Content Highlights: Mac Allister praises Lionel Messi

We use cookies to give you the best possible experience. Learn more