അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ച് ദേശീയ ടീമിലെ സഹതാരം മാക് അലിസ്റ്റര്‍. മെസി ഇംഗ്ലണ്ടില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും അദ്ദേഹം തന്നെയാകുമായിരുന്നു മികച്ച താരമെന്ന് അലിസ്റ്റര്‍ പറഞ്ഞു. മെസിയുടെ കഴിവുകള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണെങ്കില്‍ താരത്തിന് അവിടെയും ആധിപത്യം സ്ഥാപിക്കാനാകുമെന്നും അലിസ്റ്റര്‍ പറഞ്ഞു. ഡെയ്ലി മെയ്ലിന് അലിസ്റ്റര്‍ മുമ്പ് നല്‍കിയ അഭിമുഖത്തിലെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
‘മെസി പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നെങ്കില്‍ അവിടെയും അദ്ദേഹം തന്നെയായിരിക്കും ബെസ്റ്റ് എന്നതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തിനത് ബുദ്ധിമുട്ടായിരിക്കുമോ? എനിക്ക് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ടൂര്‍ണമെന്റില്‍ അത് മെസി അത് തെളിയിച്ചിട്ടുണ്ട്.
അദ്ദേഹം എത്ര കഴിവുള്ള താരമാണെന്നും ടീമിന് എത്രമാത്രം പ്രാധാന്യമുള്ളയാളാണെന്നും ഇതിനകം തെളിയിച്ചുണ്ട്,’ അലിസ്റ്റര്‍ പറഞ്ഞു.
അര്‍ജന്റീനക്കാര്‍ മെസിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കാരണമാണ് തങ്ങള്‍ ലോകചാമ്പ്യനായതെന്നും അലിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മെസിയെ ക്ലബ്ബിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി പലപ്പോഴായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.
തിങ്കളാഴ്ച നടന്ന ലീഗ്സ് കപ്പില്‍ എഫ്.സി ഡല്ലാസിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. എഫ്.സി ഡല്ലാസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ടയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചുകയറിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്. മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡല്ലാസ് തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ 4-3 എന്ന നിലയില്‍ 84ാം മിനിട്ടില്‍ ഫ്രീക്കിക്കില്‍ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.
നാല് മത്സരങ്ങളില്‍ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.
Content Highlights: Mac Allister praises Lionel Messi