സിബി മലയില്‍ സംവിധാനം ചെയ്ത 1998ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ എന്ന ചിത്രത്തിന് ആരാധകര്‍ ഒരുപ്പാടുണ്ട്. മഞ്ജു വാര്യര്‍, ജയറാം, സുരേഷ് ഗോപി, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും അതിഥി വേഷത്തില്‍ ചിത്രത്തിലുണ്ടായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലേക്ക് ലേസ ലേസ (2003) എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു.
മലയാള സിനിമാ ചര്‍ച്ചകളിലും ട്രോളുകളിലുമെല്ലാം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു ജയറാമിന്റെ കഥാപാത്രത്തിന് പൂച്ചയെ അയച്ച പെണ്‍കുട്ടി ആരാണ് എന്നുള്ളത്. പല വിധ ഊഹാപോഹങ്ങള്‍ ഇതിന്മേല്‍ ഉയര്‍ന്നിരുന്നു.
മയൂരി, ഗായത്രി എന്നിവരുടെ കഥാപാത്രങ്ങളില്‍ ഒരാളാണ് ഈ വ്യക്തി എന്ന് സിനിമയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്നെ ഇതിനെ കുറിച്ച് പറയുകയാണ്. ജാങ്കോ സ്പേസ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
”സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാന്‍ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്,” മഞ്ജു വാര്യര്‍ പറഞ്ഞു.
”ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയില്‍ വര്‍ക്ക് ചെയ്തവര്‍ക്ക് തന്നെ അറിയില്ല. എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നില്‍ക്കുകയാണ്. പടത്തില്‍ തന്നെ രണ്ടു പേരിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോള്‍ ഡയറക്ടര്‍ക്ക് മാത്രമേ അറിയുകയുള്ളു,” മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മധു വാര്യരുടെ ആദ്യ സംവിധാനത്തില്‍ മഞ്ജു വാര്യര്‍-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റിലീസായ ലളിതം സുന്ദരം പ്രദര്‍ശനം തുടരുകയാണ്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊച്ചുമോനൊപ്പം മഞ്ജു വാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി.കെ. ഹരിനാരായണനാണ് ഗാനരചന നിര്‍വഹിക്കുന്നത്.
അനു മോഹന്‍, ദീപ്തി സതി, സുധീഷ്, സൈജു കുറുപ്പ്, രമ്യ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ലൈറ്റ് ഫാമിലി ഡ്രാമ എന്റര്‍ടെയിനറായാണ് ചിത്രം എത്തിയിരിക്കുന്നത്. സിനിമ മാര്‍ച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlight: mabju warrier about summer in bethlahem movie