സിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സിനിമാപരമായ സങ്കേതങ്ങളില്‍ നിന്നും നോക്കുമ്പോള്‍ ഈ സിനിമ പുലര്‍ത്തുന്ന വ്യത്യസ്തതയും അതോടൊപ്പം വളരെ ഉച്ചത്തില്‍ വ്യക്തമായ രാഷ്ട്രീയവും മുന്നോട്ടു വെക്കുന്നു എന്നതു തന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. ഇന്ത്യന്‍ സിനിമകളില്‍ അധികം കണ്ടു വരാത്ത ടൈം ലൂപ്പ് എന്ന ആശയം ആണ് കഥയുടെ അടിത്തറ.
നിരവധി ഹോളിവുഡ് സിനിമകളിലും വിദേശ സീരീസുകളിലും കണ്ടതാണ് ഈ ആശയമെങ്കിലും, ടൈം ലൂപ്പ് എന്ന ആശയം ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തില്‍ പാകപ്പെടുത്തുന്ന വെങ്കട് പ്രഭുവിന്റെ തിരക്കഥയാണ് ഇവിടെ താരം. മികച്ച സാങ്കേതിക മികവും സിലമ്പരശന്റെയും എസ്.ജെ. സൂര്യയുടെയും സ്‌ക്രീന്‍ പ്രെസന്‍സുമൊക്കെ എടുത്തു പറയേണ്ടതാണെങ്കിലും മാനാട് സിനിമയുടെ പ്രത്യേകത ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലത്തോടെ രസകരമായ രീതിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ആദ്യാവസാനം ഈ സിനിമക്കുണ്ട് എന്നതാണ്.
ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്ളൈറ്റില്‍ എത്തുന്ന നായകന്‍ അകപ്പെടുന്ന ഒരു ടൈം ലൂപ്പ്, അതേ ടൈം ലൂപ്പില്‍ തന്നെ പ്രതിനായകനുമുണ്ട്. ഒരാള്‍ നടപ്പാക്കാന്‍ നോക്കുന്ന വളരെ വലിയ ഒരു രാഷ്ട്രീയമാറ്റത്തെ തടയാന്‍ മറ്റേയാള്‍ ശ്രമിക്കുന്നു. ലൂപ്പിനു അകത്തു നിന്നുകൊണ്ട് നിരവധി തവണ അവര്‍ ഏറ്റുമുട്ടുന്നു.
ചുറ്റുമുള്ള ഒരു കഥാപാത്രത്തിനും ബോധ്യമാകാത്ത, നായകനും വില്ലനും മാത്രം അനുഭവപ്പെടുന്ന ഈ പ്രതിഭാസമാണ് കഥയുടെ ഗതി. ഈ ആശയത്തിന് അകത്തു തന്നെയാണ് മാനാടിലെ ആക്ഷനും സസ്പെന്‍സും കോമഡിയും എല്ലാം കടന്നുവരുന്നത്. കഥക്ക് ചേരാത്ത മസാലകളോ ഏച്ചുകൂട്ടലുകളോ ഒന്നുമില്ലാതെ കഥയോട് ചേര്‍ന്ന് മാത്രം മുന്നോട്ട് പോകുന്ന പരിചരണ രീതിയാണ് വെങ്കട് പ്രഭു പിന്തുടരുന്നത്.
നായകനെക്കാള്‍ കയ്യടി നേടുന്നുണ്ട് ചില ഭാഗങ്ങളില്‍ വില്ലനായ എസ്.ജെ. സൂര്യ. അല്‍പം eccentric ആയ വില്ലന്‍ റോളുകള്‍ അദ്ദേഹം മുന്‍പും ഭംഗിയായി ചെയ്തിട്ടുണ്ടല്ലോ. തിരക്കഥയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി അഭിനയിക്കാന്‍ സിമ്പു ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ക്ക് കഴിഞ്ഞതും ഒരു എന്റര്‍ടെയിനര്‍ സിനിമക്ക് വേണ്ട വിധം യുവാന്‍ ശങ്കര്‍ രാജ ഒരുക്കിയ സംഗീതവുമൊക്കെ മാനാടിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.
സാങ്കേതിക തികവ് ഇല്ലെങ്കില്‍ പാളിപ്പോകേണ്ടിയിരുന്ന ഒരു സിനിമയായിരുന്നു മാനാട്. എന്നാല്‍ ആവര്‍ത്തിച്ചു വരുന്ന ടൈം ലൂപ്പ് രംഗങ്ങള്‍ക്ക് ഓരോ തവണയും പുതുമ പകരും വിധം അത്രയും മികച്ച രീതിയിലാണ് ചിത്രത്തില്‍ സാങ്കേതികവിദ്യയെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
ഇതിനെല്ലാമപ്പുറം മാനാടിനെ വ്യത്യസ്തമാക്കുന്നത് സിനിമ മുന്നോട്ടുവെക്കുന്ന വ്യക്തമായ രാഷ്ട്രീയമാണ്. ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമായതും അതിയായ ധൈര്യം വേണ്ടതുമായ ഒരു രാഷ്ട്രീയമാണത്.
‘ഭാവനക്ക് അനന്തമായ സാധ്യത’ ഉള്ളതുകൊണ്ടാവാം ഇന്ത്യന്‍ സിനിമാക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് മുസ്‌ലിം ഭീകരവാദം. ഭരണകൂടത്തിന് മുതല്‍ സിവില്‍ സൊസൈറ്റിക്ക് വരെ ‘ചോദ്യം ചെയ്യാതെ വിശ്വസിക്കാന്‍’ ശേഷിയുള്ള നരേറ്റിവുകള്‍ അടിച്ചു വിടാന്‍ മാത്രം നിഗൂഢതാ ഫാക്ടറുള്ള ഒരു വിഷയമാണല്ലോ അത്.
ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രതിരോധ സെക്രട്ടറിയായ മുസ്‌ലിമാണ് ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ നടത്തുന്നത് എന്ന ‘ഭാവന’ ഉള്ള മുരുഗദോസിന്റെ തുപ്പാക്കി മുതല്‍ ഏറ്റവും ജനപ്രിയനായ ഒരു മുസ്‌ലിം ഗസല്‍ ഗായകന്‍ ഭീകരവാദിയാണ് എന്ന് കാണിക്കുന്ന ആമിര്‍ ഖാന്റെ ‘സര്‍ഫ്റോഷ്’ വരെ ആ പട്ടികയില്‍ ഉണ്ട്.
അവിടെയാണ് സോ കോള്‍ഡ് ഭീകരവാദത്തിന്റെ പിന്നിലെ ഭരണകൂട കള്ളക്കളികളെ ചോദ്യം ചെയ്തുകൊണ്ട് മാനാട് വരുന്നത്. ഒട്ടും വെള്ളം ചേര്‍ക്കാതെ എന്നാല്‍ ജനപ്രിയ സിനിമയുടെ പതിവ് ഫോര്‍മാറ്റില്‍ വളരെ ലൗഡ് ആയി തന്നെ ചിത്രം ആ ചോദ്യങ്ങള്‍ ചോദിക്കുന്നുമുണ്ട്.
സിനിമ കണ്ടതിന് പിന്നാലെ ഓര്‍മ്മ വന്നത് മാനാടിന്റെ റിലീസിന് മുന്നേ നടന്ന ഒരു പ്രൊമോഷന്‍ ചടങ്ങില്‍ സിലമ്പരശന്‍ നടത്തിയ പ്രസംഗമാണ്. ‘എന്തിനാണ് ഒരു സമുദായത്തെ ഇങ്ങനെ കുറ്റവാളി ആക്കുന്നത്, അതിനെപ്പറ്റി ചോദിക്കാന്‍ ഒരാളെങ്കിലും വേണ്ടേ എന്നൊരു വരി ഇതിലെ നായകന്‍ അബ്ദുല്‍ കാലിഖ് പറയുന്നുണ്ട്. ആ ഒരൊറ്റ വരിയാണ് ഈ സിനിമ ചെയ്യാന്‍ എന്നെ പ്രചോദിപ്പിച്ചത്,’ എന്നായിരുന്നു സിലമ്പരശന്റെ പ്രസംഗം.
കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള സിനിമ എടുക്കുകയും എന്നാല്‍ അഭിമുഖങ്ങളില്‍ ‘ഇതില്‍ രാഷ്ട്രീയമോ ജാതിയോ കാണല്ലേ, ഇത് വെറും സിനിമയാണേ’ എന്ന് ഒളിച്ചു കളിക്കുന്ന മലയാളം സിനിമാക്കാരെ പോലെ അല്ല, അറിഞ്ഞുകൊണ്ട് തന്നെ രാഷ്ട്രീയം പറയുകയാണ് സിമ്പുവും വെങ്കട് പ്രഭുവും.
ഒരു ‘ഗുഡ് മുസ്‌ലിം-ബാഡ് മുസ്‌ലിം’ ബൈനറി സൃഷ്ടിച്ചു കൊണ്ടല്ല മാനാട് ഭീകരവാദം എന്ന വിഷയത്തെ കൈകാര്യം ചെയ്യുന്നത്. അതാണ് ചിത്രത്തിലെ ഏറ്റവും ധീരമായ ഇടപെടലും. നായകന്‍ അബ്ദുല്‍ കാലിഖ് തന്റെ ജനന കഥ പറയുന്നിടത്ത് ബാബരി മസ്ജിദ് തകര്‍ക്കല്‍ കടന്നു വരുന്നുണ്ട്.
അതേസമയം തന്നെ തകര്‍ക്കാനാവാത്ത ഹിന്ദു-മുസ്‌ലിം സൗഹൃദം കടന്നു വരുന്നുണ്ട്. ടൈം ലൂപ്പിനെ പറ്റിയുള്ള ഹിന്ദു മിത്തോളജിയും നായകന്റെ ഹിന്ദു സുഹൃത്തിനെ മുസ് ലിം യുവതിയുമായുള്ള പ്രണയത്തില്‍ യുവതിയും ആയുള്ള പ്രണയത്തെ അയാള്‍ പിന്തുണക്കുന്നതും എല്ലാം സിനിമയില്‍ ഉണ്ട് .
പക്ഷെ ഇതൊന്നും തന്നെ ഒരു ഗുഡ് മുസ്‌ലിമിനെ സൃഷ്ടിക്കാന്‍ ഏച്ചുകെട്ടിയിരിക്കുകയല്ല. മാത്രമല്ല മാനാടിലെ നായകന്‍ ഇന്ത്യന്‍ സിനിമകളുടെ ‘ഗുഡ് മുസ്‌ലിം’ കള്ളിയില്‍ ഒതുങ്ങുന്നവനുമല്ല. ‘നിങ്ങള്‍ എന്തിനാണ് നിരപരാധിയായ ഒരു മുസ്‌ലിം യുവാവിനെ ഭീകരവാദിയാക്കാന്‍ നോക്കുന്നത്?’ ‘ഒരു സമുദായത്തെ ഇങ്ങനെ കുറ്റവാളി ആക്കുന്നത് എന്തിനാണ്?’ എന്ന് പോലീസിനോടും രാഷ്ട്രീയക്കാരോടും ആവര്‍ത്തിച്ച് ചോദിക്കുന്നവനാണ് നായകന്‍. ഭരണകൂടം ഫ്രെയിം ചെയ്യുന്ന ഭീകരാക്രമണങ്ങളും അവരുടെ നരേറ്റിവുകളിലെ ഭീകരവാദിയുമാണ് ഇവിടെയുള്ളത് എന്ന് സ്ഥാപിക്കുക തന്നെയാണ് വെങ്കട് പ്രഭുവിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ സിനിമാ മേഖലയായ ബോളിവുഡ് പൂര്‍ണ്ണമായും ജിങ്കോയിസ്റ്റ്/ഫാഷിസ്റ്റ് ആശയക്കാര്‍ക്ക് കീഴ്പെട്ട, നിരന്തരം പ്രൊപ്പഗാണ്ട സിനിമകള്‍ മാത്രമുള്ള ഒരു നാടായി ഇന്ത്യ മാറാതിരിക്കാന്‍ ഇടക്കെങ്കിലും മാനാട് പോലുള്ള സിനിമകള്‍ വേണം. ഒളിച്ചു കടത്താതെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയില്‍ അത് പറയാന്‍ വെങ്കട് പ്രഭുവിനെ പോലെ ധൈര്യമുള്ള സംവിധായകരും വേണം. ആ അര്‍ത്ഥത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട, ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ് മാനാട്.
Content Highlight: Maanadu Movie Review