Entertainment news
മാനാടിന്റെ സാറ്റ്‌ലൈറ്റ് ചര്‍ച്ചകള്‍ അറിയിച്ചില്ല, പൊലീസില്‍ പരാതി നല്‍കി ചിമ്പുവിന്റെ അച്ഛന്‍ ടി. രാജേന്ദര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 11, 06:25 pm
Saturday, 11th December 2021, 11:55 pm

ചെന്നൈ: ഒരിടവേളക്ക് ശേഷം ചിമ്പു നായകനായി അഭിനയിച്ച ചിത്രമാണ് മാനാട്. മികച്ച വിജയമാണ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ പരിഹരിച്ച് തിയേറ്ററുകളില്‍ എത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവിനും ഫിനാന്‍ഷ്യര്‍ക്കുമെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി. രാജേന്ദര്‍.

ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് കാമാച്ചിയും ഫിനാന്‍ഷ്യര്‍ ഉത്തംചന്ദുമായിട്ടുള്ള തര്‍ക്കം മൂലമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ഇടപെട്ടിരുന്നെന്നു ഉത്തംചന്ദിന് നല്‍കേണ്ട തുകയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്യാരണ്ടി കത്തില്‍ ഒപ്പിട്ടിരുന്നതായുമാണ് രാജേന്ദര്‍ പറയുന്നത്.

മാനാടിന്റെ സാറ്റലൈറ്റ് അവകാശം വിറ്റതിന് ശേഷം നല്‍കേണ്ട ബാക്കി തുകയുടെ ഉത്തരവാദിത്തം ടി. രാജേന്ദര്‍ ഏറ്റെടുക്കണമെന്ന് നിര്‍മ്മാതാവ് സുരേഷ് കാമാച്ചി, ഫൈനാന്‍ഷ്യര്‍ ഉത്തംചന്ദ് എന്നിവര്‍ സമ്മതിച്ചതായിട്ടും പരാതിയില്‍ പറയുന്നു.

എന്നാല്‍ മാനാടിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ അറിയിച്ചില്ലെന്നും തനിക്ക് ഇതില്‍ കൂടിക്കാഴ്ച്ചയില്‍ ങ്കെടുക്കാന്‍ പറ്റിയില്ലെന്നുമാണ് രാജേന്ദര്‍ പറയുന്നത്.

പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 16ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തം ചന്ദിനും സുരേഷ് കാമാച്ചിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.

അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. ചിത്രത്തില്‍ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Maanadu Movie Controversy  Actor Silambarasan father, T Rajender, lodged a complaint with the police.