| Tuesday, 7th May 2019, 12:54 pm

സഖാവ് ഇവിടെ വന്ന് ഈ അന്യായമൊന്ന് കാണൂ, താങ്കളെ കെ.എസ്.ഇ.ബിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ്; മന്ത്രി എം.എം മണിയോട് മീന ശാന്തിവനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മന്ത്രി എം.എം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം. എം.എം മണി നേരിട്ടെത്തിയാല്‍ അദ്ദേഹത്തിന് കാര്യം മനസിലാകുമെന്നും മന്ത്രിയെ കെ.എസ്.ഇ.ബിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും മീന പ്രതികരിച്ചു.

”വൈദ്യുതി മന്ത്രി ഇവിടെ വന്ന് അതൊന്നു കാണൂ. അദ്ദേഹത്തിന് ഈ അന്യായം മനസിലായിട്ടില്ല. അദ്ദേഹത്തെ കെ.എസ്.ഇ.ബിക്കാരും സര്‍വമാന ഉദ്യോഗസ്ഥരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

അദ്ദേഹം ഒരു സാധാരണക്കാരന്റെ മന്ത്രിയാണ്. അദ്ദേഹം സാധാരണക്കാരനൊപ്പം നില്‍ക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഞാനും ഒരു സാധാരണക്കാരിയാണ്. അദ്ദേഹത്തിന് ഈ പ്രശ്‌നം മനസിലാകുമെന്ന് തന്നെയാണ് വിശ്വാസം. ഒരു പ്രാവശ്യമെങ്കിലും സഖാവ് ഇവിടെ വരൂ, ഇവിടെ വന്ന് ഈ സ്ഥലമൊന്ന് കാണൂ. ഇവിടെ നടന്ന അന്യായമൊന്ന് കാണൂ.. എന്നിട്ട് പറയൂ. – മീന ശാന്തിവനം പറയുന്നു.

ഇവിടെ എത്തുന്ന ഏതൊരാള്‍ക്കും ഇവിടെ നടക്കുന്ന അന്യായം മനസിലാകുമെന്നും അതുകൊണ്ട് തന്നെയാണ് ഇത്രയും ജനം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും മീന പറഞ്ഞു.

ഇത്രയും കാലം ഇത് സംരക്ഷിച്ചിട്ട് ഞാന്‍ എന്തുനേടി? ഇത് നശിപ്പിക്കാനല്ലേ അവര്‍ ശ്രമിക്കുന്നത്. ഇവിടെ ഉള്ള മരങ്ങള്‍ അവര്‍ ചവിട്ടിയരക്കുന്നു. അതിന് ചൂട്ട് പിടിക്കുന്നത് കെ.എസ്.ഇ.ബിക്കാരും ഉദ്യോഗസ്്ഥരുമാണ്. 40000 പേര്‍ക്ക് വൈദ്യുതി എത്തിക്കുമെന്നാണ് പറയുന്നത്. അതിന് നേരെ പോകുന്നതാണ് എളുപ്പം.

കാശുകാരന്റെ പറമ്പ് കണ്ടപ്പോള്‍ വികസനം എന്തുകൊണ്ടാണ് വളഞ്ഞുപോകുന്നത്? നേരെ പോയാല്‍ ചെറായിലേക്കുള്ള വൈദ്യുതി വേഗം എത്തും. ഈ വികസന പദ്ധതി വൈകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അത് വളച്ചുകൊണ്ടുപോയവരാണ്. അല്ലാതെ ഞാനല്ല.- മീന പറയുന്നു.

സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് എത്തിയവരെയടക്കം തടഞ്ഞ പൊലീസ് നടപടിക്കെതിരെയും മീന രംഗത്തെത്തിയിരുന്നു.

തന്റെ വീടിന്റെ നട വഴി അടയ്ക്കാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്നും പൊലീസല്ല പട്ടാളമായാലും അത്തരമൊരു അവകാശം അവര്‍ക്കില്ലെന്നും മീന ശാന്തിവനം പ്രതികരിച്ചു.

”ഈ അന്യായത്തെയല്ലേ അവര്‍ക്ക് സംരക്ഷിക്കേണ്ട ആവശ്യമുള്ളൂ, അവര്‍ അതിനെ പ്രൊട്ടക്ട് ചെയ്യട്ടേ. ഇവിടെ ആരെങ്കിലും അക്രമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവരെ തടയട്ടെ. അല്ലാതെ എന്റെ വീടിന്റെ നടവഴി അടയ്ക്കാന്‍ ഒറ്റയൊരുത്തനും അവകാശമില്ല. പൊലീസായും പട്ടാളമായാലും ഇല്ല. എന്റെ വീടിന്റെ നടവഴി എനിക്ക് അവകാശപ്പെട്ടതാണ്. ഇവിടെ വരേണ്ടവര്‍ക്ക് വരാം. തടഞ്ഞുകഴിഞ്ഞാല്‍ അത് നിയമവിരുദ്ധമാണ്”- മീന പറഞ്ഞു.

We use cookies to give you the best possible experience. Learn more