|

മാമന്നന്‍ ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വടിവേലു നായകനായ ചിത്രം മാമന്നന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 27 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തുതുടങ്ങും. ഫഹദ് ഫാസില്‍ വില്ലനായെത്തിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജാതി രാഷ്ട്രീയത്തെ പറ്റി സംസാരിച്ച ചിത്രം നിരൂപക പ്രശംസക്ക് പുറമേ വാണിജ്യ വിജയവും നേടിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം വാരത്തില്‍ തന്നെ മാമന്നന്‍ 50 കോടി നേടിയിരുന്നു.

ഇതോടെ 2023ല്‍ തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോഡ് മാമന്നന്‍ സ്വന്തമാക്കിയിരുന്നു. മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മാണം. തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Content Highlight: maamannan movie ott release date