| Thursday, 7th December 2023, 10:25 am

സതീശനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കാനുള്ള നീക്കം നടന്നു, ഞങ്ങള്‍ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയായിരുന്നു കഥ: മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വതി. നിരവധി സിനികളില്‍ സജീവമായ മാലാ പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വെബ് സീരീസാണ് മാസ്റ്റര്‍പീസ്. ആനിയമ്മ എന്ന കഥാപാത്രത്തെ അതിഭംഗീരമായാണ് മാലാ പാര്‍വതി സീരിസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏവരും ഏറ്റെടുത്ത കഥാപാത്രമായി ആനിയമ്മയെ മാറ്റിയതില്‍ മാലാ പാര്‍വതിയുടെ പങ്ക് ചെറുതല്ല.

വിവാഹശേഷമാണ് മാലാ പാര്‍വതി കരിയറില്‍ സജീവമാകുന്നത്. നിരവധി ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച മാലാ പാര്‍വതി നീലത്താമര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ കൂടുതല്‍ സജീവമാകുന്നത്. തന്റെ വിപ്ലവ വിവാഹത്തെ കുറിച്ചും കലാലയത്തിലെ രാഷ്ട്രീയപ്രവര്‍ത്തത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാലാ പാര്‍വതി.

എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സതീശന്റേയും എസ്.എഫ്.ഐ പ്രവര്‍ത്തക ആയിരുന്ന തന്റേയും വിവാഹം അന്ന് ചെറുതല്ലാത്ത വിവാദങ്ങളൊക്കെ സൃഷ്ടിച്ചിരുന്നെന്നാണ് മാലാ പാര്‍വതി വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഞാനും സതീശനും എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. സതീശന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു ഞാന്‍ വിമന്‍സ് കോളജിലെ ചെയര്‍പേഴ്‌സണും.

അന്ന് പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കില്‍ നിന്നാണ് ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങള്‍ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണു കഥാസാരം.

സംഭവം അറിഞ്ഞതില്‍ പിന്നെ വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി പെണ്ണുകാണാന്‍ വന്നൊരാള്‍ സംസാരം തുടങ്ങിയതു തന്നെ ഈ അപവാദകഥയില്‍ നിന്നാണ്.

‘ഈ പ്രായത്തില്‍ അങ്ങനെ അഫയര്‍ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല, എനിക്ക് മനസ്സിലാക്കാന്‍ കഴിയും’ അദ്ദേഹം ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്. പക്ഷേ, അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജീവിതകാലം മുഴുവന്‍ എനിക്കു മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാള്‍ പറയും. ഉറപ്പാണ്. അങ്ങനെയാണ് അന്നു തോന്നിയത്.

‘സത്യം അറിയാവുന്ന ഒരേയൊരാള്‍ സതീശാണ്. അതുകൊണ്ട് സതീശന്‍ എന്നെ കല്യാണം കഴിച്ചേ പറ്റൂ’ പലതും പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും ഒടുവില്‍ സതീശന് എന്റെ അവസ്ഥ മനസ്സിലായി. ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു.

പിന്നെ ഒന്നരവര്‍ഷത്തിനു ശേഷം സതീശന് സിഡിറ്റില്‍ ജോലി കിട്ടിയ ശേഷം ചടങ്ങു പ്രകാരം വിവാഹിതരായി ഒരുമിച്ചു ജീവിതം തുടങ്ങി. ആ സംഭവത്തോടെ ഞാന്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍വാങ്ങി. സതീശന്‍ ഇപ്പോഴും പാര്‍ട്ടി അനുഭാവിയാണ് ,’ മാലാ പാര്‍വതി പറയുന്നു.

എപ്പോഴും സന്തോഷമായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് സാമ്പത്തികമായി രണ്ട് എക്‌സ്ട്രീമും കണ്ട് ജീവിച്ചൊരാളാണ് താനെന്നും പ്രശസ്തി, പണം അതില്‍ ഒന്നും ഒരുപരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയിന്റില്‍ മനസ്സിലാകുമെന്നുമായിരുന്നു മാലാ പാര്‍വതിയുടെ മറുപടി.

‘കോളജില്‍ പഠിക്കുന്ന കാലത്തു പോലും എനിക്ക് ബസില്‍ കയറിയേണ്ടി വന്നിട്ടില്ല. ഓട്ടോയുണ്ടാകും. അല്ലെങ്കില്‍ വീട്ടില്‍ നിന്നു കാര്‍ തരും. വിവാഹശേഷം ജീവിതം വേറൊരു തരത്തില്‍ മാറി. ചെറിയൊരു വാടകവീട്ടില്‍ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എ സ്ട്രീമും കണ്ടു ജീവിച്ചൊരാളാണ് ഞാന്‍.

പ്രശസ്തി, പണം അതില്‍ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയിന്റില്‍ മനസ്സിലാകും. നല്ല വ്യക്തികള്‍, സൗഹൃദങ്ങള്‍, മനുഷ്യനോടു മര്യാദക്ക് പെരുമാറുക അതൊക്കെയല്ലേ പ്രധാനം. തൃപ്തിയും കംപാഷനുമാണ് ജീവിതത്തില്‍ നമ്മള്‍ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും. 52 വയസ്സ് കടന്ന എന്റെയീ ജീവിതത്തില്‍ ഇതുവരെ ഞാന്‍ പൂര്‍ണതൃപ്തയാണ്, ‘ മാലാ പാര്‍വതി പറഞ്ഞു.

Content Highlight: Maala Parvathi about her past life and Love marriage

We use cookies to give you the best possible experience. Learn more