Entertainment
ഞാന്‍ ഏറ്റവും സുന്ദരിയായി തോന്നിയത് ആ മലയാള ചിത്രത്തില്‍: മാധവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 12:29 pm
Monday, 3rd February 2025, 5:59 pm

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഫെബ്രുവരി ഏഴിന് റീ റിലീസിനൊരുങ്ങുകയാണ് ചിത്രം.

ചന്തുവായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി എത്തിയത് മാധവി ആയിരുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മാധവി. തനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥയെന്നും ഉണ്ണിയാര്‍ച്ചയുടെ വേഷം ചെയ്തപ്പോഴാണ് താന്‍ ഏറ്റവും സുന്ദരിയായി തോന്നിയതെന്നും മാധവി പറഞ്ഞു.

ഉണ്ണിയാര്‍ച്ചയുടെ വേഷം ചെയ്തപ്പോഴാണ് ഞാന്‍ ഏറ്റവും സുന്ദരിയായി എനിക്ക് തോന്നിയത് – മാധവി

‘എനിക്ക് എക്കാലവും ഏറ്റവും പ്രിയപ്പെട്ട ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസാകുന്നു എന്നറിയുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. സിനിമക്കായി തിരക്കഥ ഒരുക്കിയ എം.ടി വാസുദേവന്‍ നായര്‍ ഇന്നില്ല എന്നറിയുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്.

എത്ര മനോഹരമായ എഴുത്തുകാരന്‍ ആയിരുന്നു അദ്ദേഹം. സാഹിത്യലോകത്തിന് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വടക്കന്‍ വീരഗാഥയുടെ സംവിധായകന്‍ ഹരിഹരന്‍ എനിക്ക് ഗുരുനാഥനാണ്. അദ്ദേഹത്തിനോടൊപ്പം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഉണ്ണിയാര്‍ച്ചയെപോലെ അത്രയും ഐക്കോണിക്കായ കഥാപാത്രം എനിക്ക് നല്‍കിയതില്‍ ഞാന്‍ എന്നും അദ്ദേഹത്തോട് കടപ്പാടുള്ളവളായിരിക്കും. ഉണ്ണിയാര്‍ച്ചയുടെ വേഷം ചെയ്തപ്പോഴാണ് ഞാന്‍ ഏറ്റവും സുന്ദരിയായി എനിക്ക് തോന്നിയത്.

മമ്മൂട്ടി വളരെ മികച്ച കോ ആക്ടര്‍ ആണ്. വളരെ മിടുക്കനായ നടനാണ് അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഇന്ന് ഞങ്ങള്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു സിനിമ കാണുകയാണെങ്കില്‍ തോന്നും ഒരു സീന്‍ എടുക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഒരുപാട് സംസാരിച്ച്, ചര്‍ച്ച ചെയ്ത് എടുത്തതാണെന്ന്.

എന്നാല്‍ സത്യം അതല്ല. ഞങ്ങള്‍ രണ്ടുപേരും സംസാരിക്കാന്‍ കുറച്ച് പുറകിലേക്കുള്ള ആളുകളാണ്. അതുകൊണ്ടുതന്നെ ഒരു സീന്‍ എടുക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഞങ്ങള്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടാകുക. എന്നാല്‍ ആ സംഭാഷണക്കുറവ് നിങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണാനേ കഴിയില്ല,’ മാധവി പറയുന്നു.

Content highlight: Maadhavi talks about Oru Vadakkan Veeragatha