തൃശൂര്‍: വ്യവസായി എം.എ യൂസഫലിയുടെ സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്ത രീതിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയെല്ലാം നാട്ടികയിലെ ഒരു മൈതാനത്ത് വിളിച്ചുകൂട്ടി അതില്‍ നിന്നും തോന്നിയവരെ തെരഞ്ഞെടുക്കുന്ന രീതിയാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.
അടിമച്ചന്തയില്‍ നിന്നും അടിമകളെ നോക്കിയെടുക്കുന്ന തരത്തിലാണ് യൂസഫലി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത് എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന വിമര്‍ശനം.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് മണിക്കൂറുകളോളം പൊരിവെയിലത്ത് യൂസഫലിയുടെ മുമ്പില്‍ കാത്തുനിന്നത്. ഇതില്‍ നിന്നും ചിലര്‍ക്കുനേരെ വിരല്‍ ചൂണ്ടി അവരെ മാറ്റിനിര്‍ത്തുന്നതായിരുന്നു റിക്രൂട്ട്‌മെന്റിനായി തെരഞ്ഞെടുത്ത രീതി. യൂസഫലിയുടെ കണ്ണില്‍പ്പെടാനായി തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍.
ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകളും മറ്റും ഇത്രയേറെ ഉപയോഗിക്കുന്ന ഇക്കാലത്ത് റിക്രൂട്ട്‌മെന്റിനായി ഒട്ടേറെ വഴികളുണ്ടെന്നിരിക്കെ തികച്ചും പ്രാകൃതമായ രീതി അവലംബിച്ചതിനെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. മണിക്കൂറുകളോളം പൊരിവെയിലത്ത് നിന്നിട്ടും ബയോഡാറ്റ പോലും പലര്‍ക്കും ബന്ധപ്പെട്ട ആളുകളുടെ അരികില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
യൂസഫലിയുടെ ഈ റിക്രൂട്ടിങ് രീതിയെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. “പണമുണ്ടായാലും മാറാത്ത തറ” എന്നാണ് സംവിധായകന്‍ സജീവന്‍ അന്തിക്കാട് ഈ റിക്രൂട്ട്‌മെന്റ് രീതിയെ വിശേഷിപ്പിച്ചത്. അതില്‍ ഇഖ്ബാല്‍ ഇസ്മായില്‍ എന്ന യുവാവിന്റെ പോസ്റ്റ് ഇതിനകം തന്നെ എറെ ചര്‍ച്ചയായിക്കഴിഞ്ഞു.
ബയോഡാറ്റകള്‍ ക്ഷണിച്ച് അതില്‍ നിന്നും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് ആളുകള്‍ തെരഞ്ഞെടുക്കാന്‍ അറിയാഞ്ഞിട്ടാണോ താങ്കള്‍ ഈ രിതി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഇഖ്ബാല്‍ ചോദിക്കുന്നത്. മുഖത്തെ വിനയം നോക്കി ആളെ തെരഞ്ഞെടുക്കുന്ന രീതി ഇനിയെങ്കിലും മാറ്റരുതോ എന്നും ഇഖ്ബാല്‍ ചോദിക്കുന്നു.
Also Read:
ഇഖ്ബാലിന്റെ പോസ്റ്റ്:
അല്ല യൂസഫ് അലിക്കാ , നിങ്ങളോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി തന്നെ പറയട്ടേ, ഒരു ഇമെയില്‍ കൊടുത്ത് അതിലേക്ക് ബയോഡാറ്റകള്‍ അയച്ച് അതില്‍ നിനനും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് ആളുകളെ തിരഞ്ഞെടുക്കാന്‍ അങ്ങേക്ക് കഴിയാഞ്ഞിട്ടാണോ ഇങ്ങളി കാണിക്കുന്നേ, ങ്ങു തിരോന്തോരം മുതല്‍ കാസര്‍ഗോഡ് നിന്നും വന്ന് തൃപ്രയാറില്‍ റൂമെടുത്ത് താമസിക്കുന്ന സി എ ക്കാര്‍ മുതല്‍ പത്ത് തോറ്റവര്‍ വരെ ഈ കൂട്ടത്തില്‍ കാണും, അതിലെത്ര പേര്‍ക്ക് അഴുക്ക് പറ്റാതെ ഈ തിരക്കിനിടയില്‍ ബയോഡാറ്റ നേരെചൊവ്വേ സമര്‍പ്പിക്കാനാവും.
മുഖത്തെ വിനയം നോക്കി ആളെ തിരഞ്ഞെടുക്കുന്ന രീതി ഇനിയെങ്കിലും മാറ്റരുതോ. പത്രത്തില്‍ ലാത്തിച്ചാര്‍ജ് എന്ന് കാണുമ്പോള്‍ പുളകിതമാകുന്ന സമൂഹത്തെക്കാളുപരി. കഴിവുണ്ടായിരുന്നിട്ടും മാറ്റി നിര്‍ത്തപ്പെടുന്നവനോടൊപ്പം നില്‍ക്കാനാണെനിക്കിഷ്ടം അങ്ങയുടെ ഒരു എളിയ ആരാധകന്‍ ..
ഫോട്ടോ കടപ്പാട്: സജീവന്‍ അന്തിക്കാട് ഫേസ്ബുക്ക്