ബി.ജെ.പിയില്‍ ചേരാന്‍ ഏജന്റ് വിളിച്ചു, പണം നല്‍കാമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി എം.എ വാഹിദ്
Kerala News
ബി.ജെ.പിയില്‍ ചേരാന്‍ ഏജന്റ് വിളിച്ചു, പണം നല്‍കാമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി എം.എ വാഹിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 12:15 pm

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് ഏജന്റ് സമീപിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എം.എ വാഹിദ്. പ്രചാരണത്തിനുള്ള പണം വാഗ്ദാനം ചെയ്തതായും വാഹിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ഏത് സീറ്റും തനിക്ക് വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ താന്‍ ഇല്ലെന്ന് മറുപടി നല്‍കി അപ്പോള്‍ തന്നെ ഒഴിവാക്കിയെന്നും വാഹിദ് പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് എം.എ വാഹിദിന്റെ വെളിപ്പെടുത്തല്‍.

‘നിങ്ങള്‍ക്ക് സീറ്റില്ല. നിങ്ങള്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ബി.ജെ.പി നിങ്ങള്‍ക്ക് സീറ്റ് തരും. അതും പതിനാല് സീറ്റില്‍ നിങ്ങള്‍ ചോദിക്കുന്നിടത്ത്. അവര് പറഞ്ഞു. ഞാന്‍ ഒന്നും വിട്ടു പറഞ്ഞില്ല. പ്രചാരണത്തിനാവശ്യമായ പണവും തരും. എത്ര ചോദിക്കുന്നുവോ അത്രയും. ഞാന്‍ കേട്ടുകൊണ്ടിരുന്നു. എന്നിട്ട് പറഞ്ഞു. നിങ്ങള്‍ക്കെന്നെ തെറ്റിപ്പോയി. എന്നെ അതിനൊന്നും കിട്ടില്ല. ഒരിക്കലും അതിനൊന്നും പ്രതീക്ഷിക്കണ്ടെന്നും അവരോട് പറഞ്ഞു,’ വാഹിദ് പറഞ്ഞു.

നേമം, കൊല്ലം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള ആകാംക്ഷക്ക് തിരശ്ശീല വീണിരുന്നു.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കില്ലെന്ന് ശനിയാഴ്ച രാത്രിയോടെ വ്യക്തമായതാണ്. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങള്‍ നടന്നിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായിത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ കെ.ബാബു തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറും കുണ്ടറയില്‍ പി.സി വിഷ്ണുനാഥും മത്സരിക്കുമെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MA Vaheed says about BJP