തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ടി-20 ഫൈഫര്‍ പിറന്നതിന്റെ ആവേശത്തിലാണ് ചൈനയിലെ ക്രിക്കറ്റ് ആരാധകര്‍. ആ ഫൈഫര്‍ പിറന്നതാകട്ടെ ചൈനയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടി-20 അര്‍ധ സെഞ്ച്വറി പിറന്ന അതേ മത്സരത്തിലും എന്നതാണ് ആരാധകരെ ഇരട്ടി സന്തോഷത്തിലാഴ്ത്തുന്നത്.
കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ മ്യാന്‍മറിനെതിരെ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചലഞ്ചര്‍ കപ്പിനുള്ള 9th പ്ലേസ് പ്ലേ ഓഫിലാണ് ചൈന ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ വെയ് ഗോ ലീയിലൂടെ ചൈനയുടെ ആദ്യ അര്‍ധ സെഞ്ച്വറി പിറന്നപ്പോള്‍ മാ ക്വിയന്‍ചെങ്ങിലൂടെ ആദ്യ അന്താരാഷ്ട്ര ഫൈഫറും പിറന്നു.
നാല് ഓവര്‍ പന്തെറിഞ്ഞ് വെറും ഒമ്പത് റണ്‍സ് വഴങ്ങിയാണ് ചൈനീസ് സൂപ്പര്‍ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. അന്താരാഷ്ട്ര ടി-20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുകളില്‍ ഒന്നാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചൈന ക്യാപ്റ്റന്‍ വെയ് ഗോ ലീയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. 61 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലീയുടെ ഇന്നിങ്‌സ്.
38 പന്തില്‍ 17 റണ്‍സ് നേടിയ ഹുവാങ് ജുന്‍ജിയാണ് രണ്ടാമത് മികച്ച സ്‌കോറര്‍.
മ്യാന്‍മറിനായി പിയാങ് ദാനുവും നിയെന് ചാം സോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ചൈനീസ് താരങ്ങള്‍ റണ്‍ ഔട്ടായാണ് മടങ്ങിയത്.
130 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മ്യാന്‍മറിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് ആ അവസരം മുതലാക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 82 എന്ന നിലയില്‍ മ്യാന്‍മര്‍ പോരാട്ടം അവസാനിപ്പിച്ചു.
ക്വിയന്‍ചെങ്ങിന് പുറമെ ലുവോ ഷിലിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാവോ ടിയാന്‍ലെയും ഡെങ് ജിന്‍ക്വിയും ഓരോ വിക്കറ്റും തങ്ങളുടെ പേരില്‍ കുറിച്ചു.
ഓപ്പണര്‍മാരായ കോ കോ ലിന്‍ തു, ഖിന്‍ ആയോ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ ക്വിയന്‍ചെങ് പയേ ഫിയോ വൈയെ വെയ് ദുവോ ലെയ്‌യുടെ കൈകളിലെത്തിച്ചും സ്വന്‍ ടെറ്റ് കോ കോയെ സുവാന്‍ സെയ്‌നിന്റെ കൈകളിലെത്തിച്ചും പുറത്താക്കി.
നേരിട്ട ആദ്യ പന്തില്‍ തന്നെ നെയിന്‍ ചാം സോ ഹുവാങ് ജുന്‍ജിക്ക് ക്യാച്ച് നല്‍കിയതോടെയാണ് ചൈനീസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈഫര്‍ പിറന്നത്.
Content highlight: Ma Qiancheng becomes the first ever Chinese bowler to pick 5 wickets in international T20 match