| Thursday, 9th November 2017, 10:25 am

ജയ് ഹിന്ദ് രവീ നിങ്ങള്‍ മലര്‍ന്ന് കിടന്ന് തുപ്പരുത്; നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും; മേജര്‍ രവിക്കെതിരെ എം എ നിഷാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവിധായകന്‍ മേജര്‍ രവി സമൂഹമാധ്യമത്തിലൂടെ വര്‍ഗീയപരാമര്‍ശം നടത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വിവിധ രംഗങ്ങളിലുള്ളയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സിനിമ ലോകത്ത് നിന്നും മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.


Also Read: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍; പ്രതിപക്ഷത്തിന്റെ ബഹളത്തോടെ സഭയ്ക്ക് തുടക്കം


മേജര്‍ രവി കാര്‍ക്കിച്ച് തുപ്പിയരിക്കുന്നത് മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ലെന്നും രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണെന്നും സംവിധാകന്‍ എം. എ നിഷാദ് പറഞ്ഞു. രാജ്യത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സൈനികര്‍ ഒരിക്കലെങ്കിലും നിങ്ങളെ സല്യൂട്ട് ചെയ്തതോര്‍ത്ത് അപമാന ഭാരത്താല്‍ ലജ്ജിക്കുന്നുണ്ടാകുമെന്നും നിഷാദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. കഴിഞ്ഞദിവസമായിരുന്നു വര്‍ഗീയ പരാമര്‍ശം ഉയര്‍ത്തുന്ന തരത്തിലുള്ള മേജര്‍ രവിയുടെ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

“ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും” മേജര്‍ രവി പറയുന്നു.

എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഓഡിയോയില്‍ പറയുന്നുണ്ട്. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു.


Dont Miss: ശ്രീലങ്കന്‍ സര്‍ക്കാര്‍ തടവിലിട്ട് ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ഒരുകൂട്ടം തമിഴ് യുവാക്കള്‍


ഇതിനെതിരെയാണ് നിഷാദിന്റെ രംഗപ്രവേശം. യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വര്‍ഗ്ഗീയവാദിയാകില്ലെന്നും ഈ മനസ്സുമായിട്ടാണല്ലോ നിങ്ങള്‍ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ അത് ചിന്തിക്കാവുന്നതിനപ്പുറമാണെന്നും നിഷാദ് പറയുന്നു.

“രവിയുടെ “”കലാ””സൃഷ്ടികളെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല, പക്ഷെ രവി വെച്ച കെണിയില്‍ യഥാര്‍ത്ഥ കലാകാരന്മാര്‍ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം, രവിയുടെ ചില “”പ്രിയര്‍”” ഒഴിച്ച്. രവീ നിങ്ങള്‍ക്ക് തെറ്റി..ഇത് കേരളമാണ്..ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്, ഈ നാടിന്റെ ഐക്യമാണ്, അവിടെ, ഹിന്ദുവും, മുസ്‌ളീമും, ക്രിസ്ത്യാനിയെന്നും, വ്യത്യാസമില്ല” അദ്ദേഹം പറഞ്ഞു.

“രവീ മലര്‍ന്ന് കിടന്ന് തുപ്പാതെ, വര്‍ഗ്ഗീയ തുപ്പലുകള്‍ സ്വയം കുടിച്ചിറക്കി, രാജ്യസ്‌നേഹത്തിന്റെ പുതിയ “”കലാ” സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ”യെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്”………രവീ, നിങ്ങള്‍ കാര്‍ക്കിച്ച് തുപ്പിയത്, മാധ്യമപ്രവര്‍ത്തകയുടെ മുഖത്തല്ല… ഈ രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്…

രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്…ഒരു പക്ഷെ അവര്‍ പോലും, അപമാന ഭാരത്താല്‍ ലജ്ജിക്കുന്നുണ്ടാകും,ഒരിക്കലെങ്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത്..

ഒരു യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വര്‍ഗ്ഗീയവാദിയാകില്ല.. ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങള്‍ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍…അത് ചിന്തിക്കാവുന്നതിനപ്പുറമാണ്….

രവിയുടെ “”കലാ””സൃഷ്ടികളെ പറ്റി അഭിപ്രായം പറയാന്‍ ഞാനാളല്ല, പക്ഷെ രവി വെച്ച കെണിയില്‍ യഥാര്‍ത്ഥ കലാകാരന്മാര്‍ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം, രവിയുടെ ചില “”പ്രിയര്‍”” ഒഴിച്ച്..

രവീ നിങ്ങള്‍ക്ക് തെറ്റി..ഇത് കേരളമാണ്..ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്, ഈ നാടിന്റെ ഐക്യമാണ്, അവിടെ, ഹിന്ദുവും, മുസ്‌ളീമും, ക്രിസ്ത്യാനിയെന്നും, വ്യത്യാസമില്ല ….

രവീ മലര്‍ന്ന് കിടന്ന് തുപ്പാതെ, വര്‍ഗ്ഗീയ തുപ്പലുകള്‍ സ്വയം കുടിച്ചിറക്കി, രാജ്യസ്‌നേഹത്തിന്റെ പുതിയ “”കലാ” സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..

NB. മേജര്‍, മൈനര്‍, മുതലായ ആലങ്കാരിക പദവികള്‍ മനഃപൂര്‍വം ഒഴിവാക്കിയതാണ്, നിങ്ങല്‍ അതുക്കും മേലെയാണ്…ജയ് ഹിന്ദ് രവീ…ജയ് ഹിന്ദ്.”

We use cookies to give you the best possible experience. Learn more