കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കൊറിയന്‍ നടനാണ് മാ ഡോങ് സിയോക്. മോഹന്‍ലാലുമായി ചെറിയ രൂപസാദൃശ്യമുള്ളതിനാല്‍ കൊറിയന്‍ ലാലേട്ടന്‍ എന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്. സഹനടനായി കരിയര്‍ ആരംഭിച്ച മാ ഡോങ് സിയോക്കിന്റെ കരിയര്‍ മാറ്റിയത് 2016ല്‍ റിലീസായ ട്രെയിന്‍ ടു ബുസാന്‍ എന്ന ചിത്രമായിരുന്നു.
പിന്നീട് നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ വലിയ ഫാന്‍ബേസ് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചു. 2021ല്‍ മാര്‍വലിന്റെ ഇറ്റേണല്‍സില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും ഡോണ്‍ ലീക്ക് സാധിച്ചു. മാര്‍വലില്‍ അഭിനയിക്കുന്ന ആദ്യ കൊറിയന്‍ നടനാണ് മാ ഡോങ് സിയോക്.
താരത്തിന്റെ പുതിയ ചിത്രമായ റൗണ്ടപ്പ് 3: ദി പണിഷ്‌മെന്റ് കൊറിയന്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
റൗണ്ടപ്പിന്റെ പ്രൊമോഷനുമായി നടന്ന പരിപാടിയില്‍ താരം തന്റെ മൊബൈല്‍ ഉപയോഗിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സ്‌ക്രീനില്‍ ആളുകളെ ഒറ്റയടിക്ക് ഇടിച്ചുവീഴ്ത്തുന്ന മാസ് ഹീറോയായ ഡോണ്‍ ലീയുടെ മൊബൈലിന്റെ ബാക്ക് കവറില്‍ ഹലോ കിറ്റി എന്ന അനിമേഷന്‍ കഥാപാത്രമാണ്.
പരിപാടിയില്‍ താരം ഫോണ്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോയില്‍ കുഞ്ഞിരാമായണത്തിലെ ടൈറ്റില്‍ സോങ് മിക്‌സ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌ക്രീനില്‍ വന്നു നിന്നാല്‍ മാസ് കാണിക്കുന്ന ഡോണ്‍ ലീക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
Content Highlight: Ma Dong Seok’s new troll video viral on social media