ഇന്ത്യയില്‍ ഒരുപാട് ആരാധകരുള്ള കൊറിയന്‍ നടനാണ് മാ ഡോങ് സിയോക്. ഡോണ്‍ ലീ എന്നറിയപ്പെടുന്ന നടനെ കൊറിയന്‍ ലാലേട്ടന്‍ എന്നാണ് മലയാളികള്‍ വിളിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഡോണ്‍ ലീ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. പ്രഭാസിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ ഡോണ്‍ ലീയും ഭാഗമാകുന്നുവെന്ന തരത്തില്‍ റൂമറുകളുണ്ടായിരുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന രീതിയില്‍ ഒരുങ്ങുന്ന എമ്പുരാനിലും ഡോണ്‍ ലീ ഭാഗമാകുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എമ്പുരാന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററിന് പിന്നാലയാണ് എമ്പുരാനില്‍ കൊറിയന്‍ ലാലേട്ടന്റെ സാന്നിധ്യമുണ്ടാകുമോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ ഡോണ്‍ ലീയുടെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിന്റെ പോസ്റ്ററാണ് ഡോണ്‍ ലീ തന്റെ സ്‌റ്റോറിയിലൂടെ പങ്കുവെച്ചത്. ഇതോടെ സ്പിരിറ്റില്‍ പ്രഭാസിനൊപ്പം കൊറിയന്‍ ആക്ഷന്‍ പവര്‍ ഹൗസ് കൂടി ഭാഗമാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. എന്നാല്‍ എമ്പുരാന് വേണ്ടി ദുബായിലെത്തിയ ഡോണ്‍ ലീ പൃഥ്വിരാജ് പറഞ്ഞത് കേട്ടാണ് സലാര്‍ കണ്ടതെന്നുള്ള രസകരമായ ട്രോളുകളും ഇതിന് പിന്നാലെ വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അനിമലിന് ശേഷം സന്ദീപ് വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പ്രഭാസ് സ്പിരിറ്റില്‍ എത്തുന്നത്. അവസാന ചിത്രം 1000 കോടി നേടിയ നടനും, 900 കോടി നേടിയ സംവിധായകനും ചേരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ സകലമാന റെക്കോഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പാണ്.
ചിത്രത്തില്‍ പ്രഭാസിന്റെ അച്ഛനായി മമ്മൂട്ടിയും എത്തിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല. നിലവില്‍ മാരുതി സംവിധാനം ചെയ്യുന്ന രാജാസാബിന്റെ തിരക്കിലാണ് പ്രഭാസ്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന രാജാസാബില്‍ പ്രഭാസിന്റെ ഗെറ്റപ്പും ചര്‍ച്ചയായിരുന്നു.
Content Highlight: Ma Dong Seok’s Instagram story become viral