|

മന്‍ കീ ബാത്തിന്റെ നൂറാം എപ്പിസോഡ്; പരിപാടി സംഘടിപ്പിച്ച് മലപ്പുറം മഅ്ദിന്‍ അക്കാദമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന്‍ കീ ബാത്തിന്റെ നൂറാമത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത് മഅദിന്‍ അക്കാദമി. ഞായറാഴ്ച മലപ്പുറം മേല്‍മുറി ക്യാമ്പസില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ക്യാമ്പസിലെ വിദ്യാര്‍ത്ഥികളടക്കമുള്ളവരും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിന്റെ ഫോട്ടോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അക്കാദമിയില്‍ വെച്ച് പരിപാടി സംഘടിപ്പിച്ചത് മഅ്ദിന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ മന്‍ കീ ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായ രീതിയില്‍ ആഘോഷിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി റേഡിയോ പ്രഭാഷണം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് സംപ്രേക്ഷണം ചെയ്യാനാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. മഅ്ദിന്‍ അക്കാദമിക്ക് പുറമെ കൊല്ലം അമൃത പുരിയിലും, രാജ് ഭവനിലും, വിവിധ ബി.ജെ.പി പ്രാദേശിക ബൂത്തുകളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നേരത്തെ മന്‍ കീ ബാത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ കക്ഷികളും നേതാക്കന്‍മാരും രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രി നടത്തുന്നത് മന്‍ കീ ബാത്തല്ല, മൗന്‍ കീ ബാത്താണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. പ്രസംഗത്തിലൊരിക്കലും ചൈനയെക്കുറിച്ചോ, അദാനിയെക്കുറിച്ചോ പ്രധാനമന്ത്രി പറഞ്ഞില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെയും, പുല്‍വാമ ഭീകരാക്രമണത്തെയും, ജന്തര്‍ മന്ദറില്‍ വനിത താരങ്ങള്‍ നടത്തുന്ന സമരത്തെയു കുറിച്ച് ഒരക്ഷരം മിണ്ടാന്‍ മോദി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Ma’din academy conduct man ki baat program in campus