കോഴിക്കോട്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്റെ വികല പകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണെന്ന് സി.പി.ഐ.എം പോളിറ്റി ബ്യൂറോ അംഗം എം.എ. ബേബി. ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയെ കുറിപ്പിലായിരുന്നു ബേബിയുടെ വിമര്‍ശനം.
ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകര്‍ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അര്‍ത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണെന്നും ബേബി പറഞ്ഞു.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്‍പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആര്‍.എസ്.എസുകാര്‍ക്ക് മനസിലാവുന്ന കാര്യമല്ല. ഇന്ത്യന്‍ പാര്‍ലമെന്റിനുമുകളില്‍ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാല്‍ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാര്‍ലമെന്റിന് മുകളില്‍ നിന്ന് എടുത്തു മാറ്റണമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
9500 കിലോ തൂക്കവും 6.5 മീറ്റര്‍ ഉയരവുമുള്ളതാണ് സ്തംഭം. 100 കലാകാരന്മാരാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. അനാച്ഛാദനത്തോടനുബന്ധിച്ചു നടന്ന പൂജാകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 33 മീറ്റര്‍ ഉയരത്തിലാണ് സ്തംഭം. 6500 കിലോഗ്രാം വരുന്ന ഉരുക്കു ചട്ടക്കൂടും ഇതിനുണ്ട്. 9 മാസം കൊണ്ടാണ് നിര്‍മിച്ചത്. അഹമ്മദാബാദ് എച്ച്.സി.പിയാണ് ആദ്യ ഡിസൈന്‍ ചെയ്തത്.
പ്രധാനമന്ത്രി അനാച്ഛാദനം നിര്‍വഹിച്ചതും ഭരണഘടനാ സ്ഥാപനത്തില്‍ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും വിമര്‍ശിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കുമുള്ള അവകാശം ഭരണഘടന നല്‍കുമ്പോഴാണ് പ്രധാനമന്ത്രി അവിടെ പൂജ നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.
CONTENT HIGHLIGHTS: MA. baby says Placed above the Parliament of India, this sculpture will represent Modi’s rule