ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിന് മടിയില്ല: എം.എ. ബേബി
Kerala News
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിന് മടിയില്ല: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th April 2023, 11:13 am

 

 

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ മടിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരളത്തിലടക്കം സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത ശത്രു ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ വെച്ച് മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങളാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. അതിനെതിരെ കോണ്‍ഗ്രസ് മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാടിയാല്‍ പിന്തുണക്കും,’ എം.എ. ബേബി പറഞ്ഞു.

സി.പി.ഐ.എം എത്ര സീറ്റില്‍ മത്സരിക്കും എന്നതിനപ്പുറത്തേക്ക് വിജയിക്കാന്‍ സാധ്യതയുള്ളതില്‍ മാത്രം മത്സരിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രാധാന്യം നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഏറ്റവും സാധ്യത കോണ്‍ഗ്രസിന് വോട്ട് നല്‍കുകയാണ് എങ്കില്‍ അവര്‍ക്ക് നല്‍കും. വര്‍ഗീയതക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കില്‍ ഞങ്ങളും കൂടെ ചേരും. കര്‍ണാടകയിലെ ബി.ജെ.പി തോല്‍വി ആസന്നമാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് പ്രധാന ശത്രുവായി കാണുന്നത് സി.പി.ഐ.എമ്മിനെയാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഒരു യോജിപ്പ് സാധ്യമാകാത്തത്. കേരളത്തില്‍ അടക്കം സി.പി.എം മുഖ്യശത്രുവായി കാണുന്നത് ബി.ജെ.പിയെ ആണ്,’ എം.എ. ബേബി പറഞ്ഞു.

മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 19 സീറ്റിലായിരുന്നു ഇടതുപക്ഷം ജനവധി തേടിയിരുന്നത്.

അതേസമയം, ഇത്തവണ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രീ പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പല നേതാക്കളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് ക്യാമ്പില്‍ ചേര്‍ന്നതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ചേരിപ്പോരും ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.

വര്‍ഗീയ വോട്ടുകള്‍ ലക്ഷ്യം വെച്ച് കൊണ്ട് കര്‍ണാടകയിലെ മുസ്‌ലിം റിസര്‍വേഷന്‍ എടുത്ത് കളഞ്ഞ ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ തീരുമാനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എടുത്ത് കളഞ്ഞ നാല് ശതമാനം സംവരണം തിരികെ കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.