ബുക്കര്‍ പ്രൈസ് നേടിയ ഗീതാഞ്ജലി ശ്രീയെ മോദി സര്‍ക്കാര്‍ അപമാനിക്കുന്നു : എം.എ. ബേബി
Kerala News
ബുക്കര്‍ പ്രൈസ് നേടിയ ഗീതാഞ്ജലി ശ്രീയെ മോദി സര്‍ക്കാര്‍ അപമാനിക്കുന്നു : എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 11:51 pm

കണ്ണൂര്‍: ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയ ഗീതാഞ്ജലി ശ്രീയെ അനുമോദിക്കുന്നതിനായി ആഗ്രയില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദ് ചെയ്തത് ഇന്ത്യ ഇന്ന് കടന്നുപോകുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ലോകത്തിന്റെ പ്രശംസ നേടിയ നമ്മുടെ ഒരു എഴുത്തുകാരിയെ ആദരിക്കാനാവാത്ത, അപമാനിക്കുന്ന ഒരു രാജ്യമായി നമ്മള്‍ മാറിയിരിക്കുന്നുവെന്ന് ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

ഗീതാഞ്ജലി ശ്രീ ഹിന്ദിയില്‍ എഴുതിയ റേത് സമാധി എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഒരു ഇന്ത്യന്‍ ഭാഷാ പുസ്തകത്തിന്റെ വിവര്‍ത്തനത്തിന് ആദ്യമായി ഈ പ്രഖ്യാത അന്താരാഷ്ട്രപുരസ്‌കാരം ലഭിച്ച അഭിമാനകരമായ സന്ദര്‍ഭം.

ഇന്ത്യയുടെ സര്‍ക്കാര്‍ ഗീതാഞ്ജലിയെ അനുമോദിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ഈ പുരസ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ചുവളര്‍ന്ന ഗീതാഞ്ജലിയെ അവിടത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരും അവഗണിച്ചെന്നും ബേബി പറഞ്ഞു.

അതുകഴിഞ്ഞ് എഴുത്തുകാരിയെ അവഹേളിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗീതാഞ്ജലിയുടെ പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഒരാള്‍ പൊലീസില്‍ പരാതി കൊടുത്തിരിക്കുന്നു. ശിവനെയും പാര്‍വതിയെയും കുറിച്ചുള്ള നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഈ വിദ്വാന്റെ വാദം.

അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട രീതിയിലാണ് ശിവനെയും പാര്‍വതിയെയും ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. ശിവപാര്‍വതിമാരെക്കുറിച്ച് ഈ നോവലിലെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലമാണത്രെ. ഈ പറയപ്പെടുന്ന വരികളുടെ ഫോട്ടോ ഇയാള്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ആദിത്യനാഥിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും ടാഗ് ചെയ്തിട്ടാണ് ഈ ട്വീറ്റ്.

ഈ പരാതി പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് നാളെ വേണമെങ്കില്‍ ഗീതാഞ്ജലിയുടെ പേരില്‍ കേസെടുക്കാം. ഗീതാഞ്ജലി പഠിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ ചില വര്‍ഗീയക്കോമരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കി. ആഗ്രയില്‍ നടത്താനിരുന്ന പരിപാടിയില്‍ ഇനി പ്രശ്‌നങ്ങളുണ്ടായാലോ എന്നു കരുതിയാവും ഈ പരിപാടി റദ്ദു ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ പുരാണങ്ങളിലെ ശിവനെയും പാര്‍വതിയെയും ആണ് താന്‍ ആവിഷ്‌കരിച്ചതെന്നും തന്റെ രചനയ്‌ക്കെതിരെ പരാതി കൊടുക്കുന്നവര്‍ പുരാണങ്ങളെയാണ് കോടതിയില്‍ ചോദ്യം ചെയ്യേണ്ടതെന്നാണ് ഗീതാഞ്ജലി പറഞ്ഞത്. ഈ പരാതി തന്നെ ദുഖിതയാക്കിയെന്നും അവര്‍ പറഞ്ഞു. സ്വതന്ത്രമായ ആശയപ്രകാശനം ഇല്ലാതാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണെന്നും ബേബി പറഞ്ഞു.

പൗരര്‍ക്ക് അവരുടെ ആശയങ്ങള്‍ സ്വാതന്ത്ര്യത്തോടെ ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രവും പുരോഗമിക്കില്ലെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  MA baby says  Modi Govt Humiliates Booker Prize Winner Geetanjali Shri