തിരുവനന്തപുരം: ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയെ തീവെച്ചു കൊന്ന കേസില്‍ സാക്കിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയത് ടീസ്ത ആണെന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയുള്ള ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗം വിരോധാഭാസമാണെന്നും എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്ത വളരെക്കാലമായി ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്.
ഗുജറാത്ത് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആയിരുന്ന ശ്രീകുമാര്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഭരണകൂടത്തിന്റെ ഈ അമിതാധികാരപ്രയോഗം എന്നത് വല്ലാത്തൊരു വിരോധാഭാസമായി.
കോണ്‍ഗ്രസ് നേതാവായിരുന്ന, പാര്‍ലമെന്റ് അംഗമായിരുന്ന, ഇഹ്‌സാന്‍ ജാഫ്രിയെ തീവെച്ചു കൊന്ന കേസില്‍ സാക്കിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയത് ടീസ്ത ആണെന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണം.
ഇഷാന്‍ ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ടീസ്ത സെതല്‍വാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമര്‍ശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ടീസ്തയുടെ മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാക്കിയ ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ എന്നും ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കും.
അടിയന്തരാവസ്ഥയുടെ ഈ വാര്‍ഷികദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല എന്ന സന്ദേശം ആയിരിക്കും ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്,’ എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: MA Baby says he condemns the arrest of activist teesta seathlavd and RB sreekumar