തിരുവനന്തപുരം: ഇസ്രഈല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത ഏകപക്ഷീയ നിലപാട് തെറ്റാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അമേരിക്കന്‍ പക്ഷപാതിരാജ്യങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രഈലിനെ പിന്തുണക്കുന്നത് ലോകരാഷ്ട്രീയനീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങള്‍ക്കും എതിരാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എം.എ. ബേബി പറഞ്ഞു. ഫലസ്തീനിനെതിരായ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള അമുലിന്റെ പഴയകാല പരസ്യവും എം.എ. ബേബി പങ്കുവെച്ചു.
ഫലസ്തീനിലെ ജനങ്ങള്‍ നടത്തുന്നത് അവരുടെ മണ്ണില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ്. സ്വതന്ത്ര ഇന്ത്യ എന്നും ഫലസ്തീന്റെ സ്വയംനിര്‍ണയാവകാശത്തിനൊപ്പം ആയിരുന്നു. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രഈലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല.
പടിഞ്ഞാറന്‍ ഏഷ്യയില്‍ അമേരിക്കയും ഇംഗ്ലണ്ടും കൂടെ സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിരുന്നുപോലുമില്ല. യുദ്ധത്തിലൂടെ ഇസ്രഈല്‍ പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂപ്രദേശം തിരിച്ച് വിട്ടുകൊടുക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം, അത് ഇന്ത്യ ഉള്‍പ്പടെയുള്ളരാജ്യങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് പാസ്സാക്കിയതാണ്, ഇസ്രയേല്‍ അവജ്ഞയോടെ അവഗണിക്കുകയാണ്.
ഒരര്‍ത്ഥത്തില്‍ അപ്പാര്‍ത്തീട് നടപ്പാക്കുന്ന, ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും കൊടിയ കുറ്റവാളിരാഷ്ട്രമാണ് ഇസ്രഈല്‍. അതുകൊണ്ടുകൂടിയാണ് വര്‍ണവെറിയന്‍ ഭരണം നിലനിന്ന കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടെന്നപോലെ ഇസ്രയേലിനോടും ഇന്ത്യ നയതന്ത്രപരമായ അകല്‍ച്ച പാലിച്ചിരുന്നതെന്നും എം.എ. ബേബി പറഞ്ഞു.
ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി ഭരണത്തിന്‍കീഴില്‍ ആ മഹത്തായപാരമ്പര്യമെല്ലാം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്യസമരത്തിലൂടെവികസിച്ചുവന്നതാണ് നമ്മുടെ വിദേശനയം. അത് ഇന്ത്യയുടെ ഭരണഘടനയിലും പ്രതിഫലിക്കുന്നുണ്ട്.
സാമ്രാജ്യത്വ വിരുദ്ധതയില്‍ അടിയുറച്ച ചേരിചേരാ നയമാണ് അതിന്റെ കാതല്‍. അതിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മുടെ വിദേശനയം എക്കാലവും വികസിപ്പിക്കുന്നത്. അതാണ് ഇപ്പോള്‍ ബി.ജെ.പി ഭരണം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ചേരിയുടെ കാലാള്‍ ആവുന്നത് നമ്മുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: MA Baby said that the unilateral stand taken by the Narendra Modi government on the Israel-Palestine war is wrong.