കണ്ണൂര്‍: കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാറെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ കേരളത്തെക്കുറിച്ചുള്ള
വിവാദ പരാമര്‍ശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറയുകയായിരുന്നു ബേബി.
ജാതിമേധാവിത്വത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ഫ്യൂഡല്‍ സമൂഹത്തിലെ ശ്രേണീബന്ധവും പുത്തന്‍മുതലാളിത്തവും തമ്മില്‍ ചേര്‍ത്ത ഒരു കുഴമ്പാണ് ആര്‍.എസ്.എസ് സ്വപ്നം കാണുന്ന സ്വര്‍ഗലോകം. നേരേമറിച്ച് മനുഷ്യതുല്യതയ്ക്കായി കേരളം വയ്ക്കുന്ന ഓരോ ചുവടുവയ്പും ഒരു ബദല്‍ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ടാണ് കേരളത്തെ അതിനെതിരായ അസുരലോകമാക്കിക്കാണിക്കാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതെന്നും ബേബി പറഞ്ഞു.
‘ഈ ശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉല്‍പന്നമാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗണ്ടാ സിനിമ. കേരളത്തിലെ മനുഷ്യരെല്ലാവരും ഇസ്‌ലാമികതീവ്രവാദത്തിന്റെ പിടിയിലാണ് എന്ന സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്. ഈ പ്രചാരണസിനിമയുമായ ബന്ധപ്പെട്ട് സമൂഹത്തില്‍ വലിയ വര്‍ഗീയവിഭജനം നടത്താന്‍ ഇവര്‍ നടത്തുന്ന ശ്രമത്തിന്റെ വാര്‍ത്തകളാണ് ദിവസവും വരുന്നത്.
മഹാരാഷ്ട്രയില്‍ ഈ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ ഒരു മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമായി. ദല്‍ഹിയിലെ സ്‌കൂളുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നു. കുഞ്ഞ് മനസ്സുകളില്‍ ഭീതി വിതയ്ക്കാനുള്ള ദുഷ്ടബുദ്ധിയാണ് ഇതിന് പിന്നില്‍.
ഇതൊക്കെ കൂടാതെയാണ് സംഘപരിവാറിന് വേണ്ടി ഈ സിനിമ എടുത്ത സുദിപ്‌തോ സെന്‍ രാജ്യം മുഴുവന്‍ നടന്ന് കേരളത്തെ അപമാനിക്കുന്നത്. മുകളിലെ വാര്‍ത്തയില്‍ കാണുന്ന പോലെ, കേരളം ഭീകരവാദശൃംഖലകളുടെ താവളമാണ്, മലപ്പുറവും കോഴിക്കോടും കാസര്‍ഗോഡുമുള്‍പ്പെടുന്ന വടക്കന്‍ കേരളം ഭീകരവാദശൃംഖലയാണെന്നൊക്കെ ഇയാള്‍ പറയുന്നു. ഇത് ഓരോ മലയാളിയെയും ബാധിക്കുന്ന കാര്യമാണ്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സംഘപരിവാര്‍ ഭീഷണിയെ അതിജീവിക്കാന്‍ കേരളം എന്നും മുന്നില്‍ തന്നെ നില്‍ക്കും എന്ന തീര്‍പ്പ് കൂടുതല്‍ ഉറപ്പാക്കുകയാണ് ഈ അപമാനങ്ങള്‍ക്ക് നമ്മള്‍ നല്‍കേണ്ട മറുപടി. തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെ പറയണം, കേരളം ഒന്നാണ്, ഞങ്ങള്‍ ആര്‍.എസ്.എസ് രാഷ്ട്രീയത്തിനെതിരാണ്,’ ബേബി പറഞ്ഞു.