തിരുവനന്തപുരം: മോദിയും അദാനിയും ചേര്‍ന്ന് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അദാനി എന്നാല്‍ മോദി തന്നെ എന്നത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമല്ലെന്നും 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെയാണ് അദാനിയുടെ വളര്‍ച്ച തുടങ്ങുന്നതെന്നും എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വളര്‍ന്നു വളര്‍ന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
‘ഗുജറാത്തി ബിസിനസുകാരന്‍ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകര്‍ക്ക് ഉണ്ടായിരിക്കുന്നത്. അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തില്‍ പിടിപാടുള്ളവര്‍ പറയുന്നത്.
ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കും. ഇതിന്റെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തില്‍ കൂലി കുറയുന്ന, ആശ്വാസനടപടികള്‍ നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത്.
അദാനിയെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇന്നലെ അദാനിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു, ‘We also believe India’s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation,’ (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു. ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവര്‍ രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.) ഇത് പറയുന്നത് അദാനി= മോദി മോദി= കൊള്ള എന്ന നലയിലാണ് കാര്യങ്ങള്‍,’ എം.എ. ബേബി എഴുതി.
Content Highlight: MA Baby said that Modi and Adani were involved in the biggest scam India has ever seen