| Wednesday, 18th October 2023, 1:01 pm

'മോദിയുടെ സുഹൃത്ത് ഒരു യുദ്ധക്കുറ്റവാളിയാണ്, ഇസ്രഈലിന്റെ കൂട്ടക്കുരുതി മുഴുവന്‍ യു.എസിന്റെ പൂര്‍ണപിന്തുണയോടെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്ത് ഇസ്രഈല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രഈല്‍ ഇപ്പോള്‍ നടത്തുന്ന കൂട്ടക്കുരുതി മുഴുവന്‍ യു.എസ്.എയുടെ പൂര്‍ണപിന്തുണയോടെയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

നമ്മുടെ തലമുറ കണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് ഫലസ്തീനില്‍ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്ക് മുമ്പായിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താന്‍ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്‌നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായെന്നും എ.എ. ബേബി പറഞ്ഞു.

‘ഗാസയില്‍ ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു! മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയില്‍ നിന്ന് വാര്‍ത്താ ചാനലുകളില്‍ കാണുന്നത്. ഗാസയിലെങ്ങും ഇടതടവില്ലാത്ത ബോംബിടലാണ് ഇന്നലെ നടന്നത്. ലോകമനസാക്ഷി എന്ന ഒന്ന് ഉണ്ടെങ്കില്‍ ഉണരേണ്ട സമയം ഇതാണ്,’ എം.എ. ബേബി പറഞ്ഞു.

എം.എ. ബേബിയുടെ വാക്കുകള്‍

യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്ര ധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899ലും 1907ലും നടന്ന ഹേഗ് കണ്‍വെന്‍ഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങള്‍ രൂപപ്പെടുത്തിയത്. 1949ല്‍ ഒപ്പിട്ട ജനീവ കണ്‍വെന്‍ഷനാണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനിലെ ധാരണകളില്‍ ഒപ്പിട്ടുണ്ട്. ലോക ക്രിമിനല്‍കോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡമാണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിര്‍വചിച്ചത്. ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രഈലികളുമൊഴികെ.

സിവിലിയന്മാരെയോ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സിവിലിയന്‍ സൗകര്യങ്ങളേയോ ആക്രമിക്കരുത് എന്നത് യുദ്ധനിയമത്തിന്റെ ആധാരശിലകളിലൊന്നാണ്. ഇസ്രഈല്‍ ഇത് നിസ്സങ്കോചം ലംഘിക്കുന്നു. യുദ്ധത്തടവുകാരെ കൊല്ലരുത്, അപമാനിക്കരുത്. ഇസ്രഈല്‍ ഇതിന് തെല്ലും വിലവയ്ക്കുന്നില്ല. ബന്ദികളായി വെക്കരുത്. ഇസ്രഈലും ഹമാസും നൂറുകണക്കിന് ബന്ദികളെ പിടികൂടിവെച്ചിരിക്കുന്നു. ആണവായുധം, രാസായുധം എന്നിവപോലെ നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കരുത്. ഇസ്രഈല്‍ ഈ നിയമവും ലംഘിക്കുന്നു. പൗരരെ നിര്‍ബന്ധിത പലായനത്തിന് പ്രേരിപ്പിക്കരുത്.

വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് തോക്കിന്‍മുനയില്‍ ആവശ്യപ്പെടുന്നത് ഈ നിയമത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. ബലാത്സംഗം, ലൈംഗികഅടിമയാക്കി വയ്ക്കുക തുടങ്ങിയ അക്രമങ്ങള്‍ ചെയ്യരുത്. അധിനിവേശിതജനതയ്ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ നിഷേധിക്കരുത് എന്നതും ഒരു യുദ്ധനിയമമാണ്. ഇതും ഒരു കരുണയുമില്ലാതെ ലംഘിക്കുകയാണ് ഇസ്രഈല്‍.

Content Highlight: MA Baby said Narendra Modi’s friend Benjamin Netanyahu is a war criminal.

We use cookies to give you the best possible experience. Learn more