കണ്ണൂര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്ത് ഇസ്രഈല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രഈല്‍ ഇപ്പോള്‍ നടത്തുന്ന കൂട്ടക്കുരുതി മുഴുവന്‍ യു.എസ്.എയുടെ പൂര്‍ണപിന്തുണയോടെയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
നമ്മുടെ തലമുറ കണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് ഫലസ്തീനില്‍ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്ക് മുമ്പായിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താന്‍ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്‌നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായെന്നും എ.എ. ബേബി പറഞ്ഞു.
‘ഗാസയില്‍ ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു! മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയില്‍ നിന്ന് വാര്‍ത്താ ചാനലുകളില്‍ കാണുന്നത്. ഗാസയിലെങ്ങും ഇടതടവില്ലാത്ത ബോംബിടലാണ് ഇന്നലെ നടന്നത്. ലോകമനസാക്ഷി എന്ന ഒന്ന് ഉണ്ടെങ്കില്‍ ഉണരേണ്ട സമയം ഇതാണ്,’ എം.എ. ബേബി പറഞ്ഞു.
എം.എ. ബേബിയുടെ വാക്കുകള്‍
യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്ര ധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899ലും 1907ലും നടന്ന ഹേഗ് കണ്‍വെന്‍ഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങള്‍ രൂപപ്പെടുത്തിയത്. 1949ല്‍ ഒപ്പിട്ട ജനീവ കണ്‍വെന്‍ഷനാണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനിലെ ധാരണകളില്‍ ഒപ്പിട്ടുണ്ട്. ലോക ക്രിമിനല്‍കോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡമാണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിര്‍വചിച്ചത്. ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രഈലികളുമൊഴികെ.