| Thursday, 1st January 2015, 8:49 pm

വസന്തത്തിന്റെ കനല്‍വഴികളില്‍, പി.കെ എന്നീ ചിത്രങ്ങളുടെ വിനോദ നികുതി ഒഴിവാക്കണമെന്ന് എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിച്ച “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന മലയാള ചിത്രത്തിന്റേയും മതാന്ധതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച “പി.കെ” എന്ന ബോളിവുഡ് ചിത്രത്തിന്റെയും വിനോദ നികുതിയില്‍ ഇളവ് വരുത്തണമെന്ന് സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി.

ഫാസിസ്റ്റുകളാല്‍ എതിര്‍പ്പ് നേരിടുന്ന “പി.കെ”യുടെ വിനോദ നികുതി ഒഴിവാക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രത്തിന്റെ അമ്പതാം ദിവസ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എ ബേബി.

ആധുനിക കേരളത്തിന്റെ നിര്‍മ്മാണത്തിന് ധീരനേതൃത്വം നല്‍കിയ പി. കൃഷ്ണപ്പിള്ളയെ കുറിച്ചുള്ള “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും ഈ സിനിമയെ എത്തിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പി.കെ”യ്‌ക്കെതിരായി ഫാസിസ്റ്റ് സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ പുരോഗമന ശക്തികള്‍ക്കും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ പി. കൃഷ്ണപ്പിള്ളയുടെ വേഷമിട്ട നടന്‍ സമുദ്രക്കനി, കെ.പി.എ.സി ലളിത, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മേയര്‍ എ.കെ പ്രേമജം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more