തിരുവനന്തപുരം: പൊലിസിന്റെ മനോവീര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിന് ഇ.എം.എസിനെ ഉദ്ധരിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പരോക്ഷ മറുപടി. പൊലീസ് നടപടിയെത്തുടര്‍ന്ന് ആശുപത്രിയിലുള്ള മഹിജയെ സന്ദര്‍ശിച്ച ശേഷമാണ് ഇ.എം.എസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പിണറായിക്ക് പരോക്ഷ മറുപടിയുമായി ബേബി രംഗത്തെത്തിയത്.
ഇന്നലെ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നത്. പൊലീസ് തങ്ങളുടെ കൃത്യ നിര്‍വഹണം നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു മുമ്പും പൊലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴെല്ലാം പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി കൈക്കൊണ്ടിരുന്നത്.
പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെയും പറഞ്ഞിരുന്നു. “പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. പൊലിസിന്റെ ഭാഗത്ത് നിന്നും കൃത്യനിര്‍വഹണം നീതിപൂര്‍വകവും നിഷ്പക്ഷവുമാകണം” എന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയ്ക്കാണ് എം.എ ബേബി മറുപടി പറഞ്ഞിരിക്കുന്നത്.
1957ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നിയമസഭയില്‍ പറഞ്ഞ പ്രസംഗം എം.എ ബേബി ഫേസ്ബുക്കില്‍ പകര്‍ത്തിവെക്കുന്നു.
“പൊലീസിനെ നിര്‍വീര്യമാക്കുന്നു എന്നുളള ആരോപണത്തിന്റെ അര്‍ഥം ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസിനുണ്ടായിരുന്ന വീര്യവും, കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പൊലീസ് ഈ നാട്ടില്‍ കാണിച്ച വീര്യവും കാണിക്കാതിരിക്കുന്നു എന്നുള്ളതാണെങ്കില്‍ അതു വേണമെന്നാണ് ഗവണ്‍മെന്റിന്റെ നയം. ഈ നാട്ടില്‍ പൊലീസിനെക്കുറിച്ച് ഒരു ചരിത്രം ഉണ്ട്.
Dont miss ബീഫിനു പിന്നാലെ ജീന്‍സിനും വിലക്കിട്ട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍
ഈ നാട്ടില്‍ പൊതുജനങ്ങളെ മര്‍ദിച്ച് ഒതുക്കുന്ന നയം ഈ നാട്ടിലെ പൊലീസിനുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റുകാരനായ ഞാന്‍ ഇന്നു പറയുന്നതല്ല. കോണ്‍ഗ്രസ്സില്‍ത്തന്നെ ഞാന്‍ ചേര്‍ന്നു നിന്നിരുന്ന കാലത്ത് പൊലീസിനെതിരായി ഇങ്ങനെയുള്ള ആരോപണം കോണ്‍ഗ്രസ്സില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് ബ്രിട്ടീഷ് ആധിപത്യം ഇവിടെ നിലനിര്‍ത്തുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണ് ഈ പൊലീസ്.
ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ വീര്യം പൊലീസിന് ഉണ്ടാക്കുന്നതിന് ബ്രിട്ടീഷ്ഭരണം കരുതിക്കൂട്ടിയുള്ള ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായിട്ട് പൊലീസിനുണ്ടായ വീര്യം എന്തായിരുന്നുവെന്ന് ഈ നാട്ടിലെ പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എവിടെയൊക്കെ കര്‍ഷകത്തൊഴിലാളികളും മുതലാളികളും തമ്മില്‍ തര്‍ക്കമുണ്ടോ അവിടെ വന്നു പൊലീസ്; എവിടെ പണിമുടക്കു വന്നോ അവിടെ വന്നു പൊലീസ്; തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ സംഘടിച്ച് പണിമുടക്ക് നടത്തുകയാണെങ്കില്‍ അവിടെ വന്നു പൊലീസ്. ഇങ്ങനെയൊരു പാരമ്പര്യം ഇവിടെയുണ്ട്.
നാട്ടിലെ ജനങ്ങള്‍ക്കെതിരായി, അധ്വാനിക്കുന്ന വിഭാഗത്തിനെതിരായി, പൊലീസിനെ ഉപയോഗിക്കുന്ന ഒരു പാരമ്പര്യം ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യം അവസാനിപ്പിക്കണമെന്നാണ് ഗവണ്‍മെന്റിന്റെ ആഗ്രഹം. ആ പാരമ്പര്യം അവസാനിപ്പിച്ച് ഈ നാട്ടില്‍ തൊഴിലാളികളും മുതലാളികളും തമ്മിലും, കര്‍ഷകത്തൊഴിലാളികളും ജന്മികളും തമ്മിലും നടക്കുന്ന സമരത്തില്‍, പൊലീസിന്റെ സഹായം തേടാതെ അതെല്ലാം സമാധാനപരമായി, പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി, ആ പ്രശ്‌നങ്ങളിലേക്കു കടന്നുചെന്ന് തീര്‍ക്കുക എന്ന ഒരു പുതിയ പാരമ്പര്യം ഇവിടെ സൃഷ്ടിക്കണമെന്നാഗ്രഹിക്കുകയാണ്.
ഈ പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതുമൂലം പൊലീസ് നിര്‍വീര്യമാകുമെങ്കില്‍ ഈ ഗവണ്‍മെന്റ് പൊലീസിനെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പൊലീസിന് ചില പണികളുണ്ട്. കളവ്,കൊല, കൊള്ള, മുതലായ സാമൂഹ്യവിരുദ്ധമായിട്ടുള്ള കുറ്റങ്ങളും ക്രമക്കേടുകളും നാട്ടിലില്ലാതാക്കണം. ഈ കാര്യത്തില്‍ പൊലീസ് നിര്‍വീര്യമാകുന്നു എങ്കില്‍ അത് ഈ സംസ്ഥാനത്തിന് ആപത്താണ്.
അത് ഇല്ലാതാക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാരുടെ ഉദ്ദേശ്യമെങ്കില്‍ അതിന് ഈ ഗവണ്‍മെന്റ് പ്രതിപക്ഷത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണ്. അതിനുള്ള തകരാറുകള്‍ തീര്‍ക്കുവാന്‍ ഈ ഗവണ്‍മെന്റ് തീര്‍ച്ചയായും പരിശ്രമിക്കും. തൊഴിലാളികളുടെ പണിമുടക്കുകളില്‍ പൊലീസിനെ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം ഉണ്ടായിരിക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് യോജിക്കുവാന്‍ ഞാന്‍ തയ്യാറില്ല.”
മഹിജക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് പിണറായി രംഗത്തെത്തിയതിന് പിന്നാലെയാണ് മഹിജയെ സന്ദര്‍ശിച്ച ശേഷം തന്റെ നിലപാട് വ്യക്തമാക്കിയും പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടിയുമായും എം.എ ബേബി രംഗത്തെത്തിയത്.