| Tuesday, 17th May 2022, 9:03 am

'ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സംഭവങ്ങള്‍ ബാബരി മസ്ജിദിനെ ഓര്‍മ്മിപ്പിക്കുന്നു': എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യന്‍വാപി മസ്ജിദില്‍ നടക്കുന്ന കാര്യങ്ങള്‍ പണ്ട് ബാബരി മസ്ജിദില്‍ നടന്ന വിഷയങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുന്‍പ് ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി കോടതിയെ സമീപിച്ച ആളുടെ വാക്കു കേട്ട് പള്ളിയുടെ ഒരു ഭാഗം അടച്ചിടാനുള്ള കോടതി ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു.

വിഷയത്തില്‍ ഉന്നത നീതിപീഢം ഇടപെടണമെന്നും നീതിപൂര്‍വമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലെ നടപടികള്‍ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണെന്നും ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതെന്നുമുള്ള പ്രതികരണവുമായി മസ്ജിദ് കമ്മിറ്റി അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി നിര്‍ദ്ദേശിച്ചു. മസ്ജിദില്‍ നടന്ന വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു വാരണാസി ജില്ലാ സിവില്‍ കോടതിയുടെ ഉത്തരവ്.

മസ്ജിദിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കാനും ശിവലിംഗമാണെന്ന് പറയപ്പെടുന്നത് കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ ആളുകളെ നമസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശിവലിംഗമാണെന്ന് ആരോപിക്കുന്നത് മുഗള്‍കാല നിര്‍മിതിയായ മസ്ജിദിന്റെ വുസു ഖാനയിലുള്ള വാട്ടര്‍ ഫൗണ്ടന്റെ ഭാഗമാണെന്നും ഇതുവ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിന്‍ യാസീന്‍ ദി ഹിന്ദുവിനോട് നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലില്‍ തീര്‍ത്തതാണ് ഫൗണ്ടന്‍. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടനുള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

അതേസമയം സര്‍വേ നടത്താനുള്ള വാരണാസി കോടതിയുടെ ഉത്തരവ് ക്രമസമാധാനം തകര്‍ക്കാനും സാമൂഹിക ഐക്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഉത്തരവ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ നടന്ന സര്‍വേയില്‍ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയില്‍ പുരാതനമായ സ്വസ്തികകള്‍ (ഹിന്ദു മതചിഹ്നം) കണ്ടൈത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഇന്നു നടന്ന സംഭവങ്ങള്‍ ബാബറി മസ്ജിദില്‍ പണ്ടു നടന്ന കാര്യങ്ങളെ ഓര്‍മിപ്പിക്കുന്നു.
കോടതി നിര്‍ദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തര്‍ക്കവിഷയമാണ്. ആ പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയില്‍ പോയയാളുടെ വാക്ക് കേട്ട് പള്ളിയില്‍ വിശ്വാസികള്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എന്നാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടന്‍ ആണെന്നാണ് പള്ളി നടത്തിപ്പുകാര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടുമെന്നും നീതിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഉണ്ടായ നടപടികള്‍ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണ്. ആരാധനാലയനിയമത്തിന്റെ ലംഘനവുമാണിത്. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിലകല്പിക്കാത്ത ഭരണാധികാരികള്‍ ഉള്ള നാട്ടില്‍ ഇത്തരം അനീതികള്‍ക്കും ആപല്‍ക്കരമായ വിധ്വംസകനീക്കങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ തന്നെ മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നു.

Content Highlight: MA Baby reacts to Gyanvapi masjid survey’s claim of finding Shivaling

Latest Stories

We use cookies to give you the best possible experience. Learn more