| Sunday, 12th February 2023, 4:11 pm

ഒരു സിനിമാ പോസ്റ്റര്‍ പങ്കിട്ടതോടെ, ഹരീഷിന്റെ ഇടതുവിരുദ്ധതക്ക് ഞാന്‍ അംഗീകാരം നല്‍കിയെന്ന് വ്യാഖ്യാനിക്കേണ്ട: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ഹരീഷ് പേരടി നായകനാകുന്ന സിനിമയുടെ പോസ്റ്റര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സി.പി.ഐ.എം നേതാവ് എം.എ. ബേബി, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍, ആര്‍.എം.പി നേതാവ് കെ.കെ. രമ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ഇതില്‍ സി.പി.ഐ.എം നേതാവ് എം.എ. ബേബി ഈ പോസ്റ്റര്‍ പങ്കുവെച്ചതില്‍ സ്വന്തം പാര്‍ട്ടിയിലെ അണികളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തേയും നിരന്തരം വിമര്‍ശിക്കുന്ന ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിനെച്ചൊല്ലിയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ എം.എ. ബേബിയുടെ പോസ്റ്റിന് താഴെ പ്രതിഷേധിച്ചത്.

ഈ വിമര്‍ശനങ്ങളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് എം.എ. ബേബി. നടന്‍ ഹരീഷ് പേരടിയുമായി തനിക്ക് സൗഹൃദമുണ്ടെന്നും സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യമേഖലകളില്‍ വിമര്‍ശനപരമായ സഹകരണം ആവശ്യമുണ്ടെന്നും എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


തനിക്കും തന്റെ പാര്‍ട്ടിക്കും യോജിക്കാന്‍കഴിയാത്ത കാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍,അദ്ദേഹത്തിന്റെ സിനിമാ പോസ്റ്റര്‍ പങ്കിടുന്നതിലൂടെ അത്തരം നിലപാടുകള്‍ക്ക് താന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന മലയാളസിനിമയുടെ പോസ്റ്റര്‍ അതിന്റെ നിര്‍മാതാവിന്റെ അഭ്യര്‍ത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷ വിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിന് പ്രചാരണം നല്‍കുന്നു എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചില സുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി.

ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി,
ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.
അതിപ്രഗല്‍ഭരായ ആ രണ്ട് നടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യര്‍ത്ഥന: ചലച്ചിത്രനിര്‍മാതാവായി തന്റെ ആദ്യ സംരംഭത്തിന്റ പോസ്റ്റര്‍ ഒന്നു റിലീസ് ചെയ്യണം.

12ന് ആന്ധ്രയിലെ വിജയവാഡയിലാണെന്ന് പറഞ്ഞപ്പോള്‍, പ്രശ്‌നമില്ല, ഫേസ്ബുക്കില്‍ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്.

എനിക്കും എന്റെ പാര്‍ട്ടിക്കും യോജിക്കാന്‍കഴിയാത്തകാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹം നിര്‍മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ ഫേസ്ബുക്കില്‍വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.

സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യ മേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.

Content Highlight: MA Baby reacting on actor Hareesh Peradi’s Cinema poster controversy

We use cookies to give you the best possible experience. Learn more