| Saturday, 22nd September 2018, 11:38 am

ബിഷപ്പ് കേസില്‍ നടന്നത് മികച്ച അന്വേഷണം; കോടിയേരി കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നടന്നത് മികച്ച അന്വേഷണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബിഷപ്പിന്റെ അറസ്റ്റ് അതാണ് തെളിയിക്കുന്നതെന്നും ബേബി മാധ്യമങ്ങളോടു പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവും തികച്ചും അസാധാരണമായ സമരമാണ്. ഇങ്ങനെയൊരു സമരം നടന്നിട്ടില്ലായെന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുപോലെ തന്നെ ബിഷപ്പിനെതിരെ ശക്തമായ നടപടിയെടുക്കുമായിരുന്നെന്നും ബേബി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ബേബി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അതിശക്തമായി തന്നെ നേരിടുമെന്ന സന്ദേശമാണ് ഈ അറസ്റ്റ് നല്‍കുന്നതെന്നും ബേബി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Also Read:മോദിയുടെ അഭിമുഖം നടത്തുന്നത് പാദസേവ പോലെ, അലറിവിളിക്കലും പ്രകോപന ഹാഷ്ടാഗുകളുമല്ല മാധ്യമപ്രവര്‍ത്തനം: കരണ്‍ഥാപ്പര്‍

“ഈ സമരത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുത്തു. എന്നാല്‍ ഈ കന്യാസ്ത്രീകള്‍ ഉന്നയിച്ച പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല. പോപ്പ് ഫ്രാന്‍സിസ് ഈ മെത്രാനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. പക്ഷേ, ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്ക സഭയില്‍ നടത്തുന്ന പരിഷ്‌കരണത്തിനനുസരണമായ മാറ്റം കേരള കത്തോലിക്ക സഭയും എടുക്കേണ്ടതുണ്ട്. സഭയും അതിന് തയ്യാറാകുമെന്ന് ആശിക്കുന്നു.” എന്നും ബേബി പറഞ്ഞിരുന്നു.

ഈ സമരത്തിനുള്ള മുതിര്‍ന്ന കന്യാസ്ത്രീമാരുടെ ധീരത അസാധാരണമാണെന്നു പറഞ്ഞ ബേബി അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചത്. ബിഷപ്പിനെതിരായ നടപടി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ കൊച്ചിയില്‍ സമരം നടത്തുകയും ചെയ്തിരുന്നു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ ഈ സമരത്തിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഷപ്പിന്റെ അറസ്റ്റുള്‍പ്പെടെ നടന്നത്.

We use cookies to give you the best possible experience. Learn more