| Thursday, 23rd March 2017, 11:36 am

ക്രൈസ്തവ സഭാ നേതൃത്വം ആത്മപരിശോധനയ്ക്ക് തയ്യാറാവണം: നാലിന പരിപാടി നിര്‍ദേശിച്ച് എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വത്തോടും വിശ്വാസികളോടും ഇടതുപക്ഷത്തോട് സംവാദത്തിനു തയ്യാറാവാന്‍ ആവശ്യപ്പെട്ട് എം.എ ബേബി. കേരളത്തിലെ ക്രിസ്തീയ സഭകള്‍ ആത്മപരിശോധന നടത്തേണ്ട സാഹചര്യമാണിതെന്ന് സി.പി.ഐ.എം പോളിറ്റ്് ബ്യൂറോ അംഗം എം.എ ബേബി. നാലുകാരണങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് എം.എ ബേബി തന്റെ വാദത്തെ വിശദീകരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിലാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

കേരളീയ സമൂഹത്തിലെ ധനിക സവര്‍ണ മേധാവിത്വത്തിന് ക്രിസ്ത്യന്‍ സഭകള്‍ ഒരു കാരണമാണെന്നും അതുകൊണ്ടുതന്നെ ഈ മേധാവിത്വം ഇല്ലാതാക്കാന്‍ ക്രിസ്തീയ സഭകളും പങ്കുവഹിക്കേണ്ടതുണ്ട് എന്നതാണ് ആത്മപരിശോധനയ്ക്കുള്ള ഒരു കാരണമായി എം.എ ബേബി ചൂണ്ടിക്കാട്ടുന്നു.

“കേരള സമൂഹത്തില്‍ മേല്‍ജാതിധനിക മേധാവിത്വം ഇന്നത്തെ രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ക്രിസ്ത്യന്‍ സഭകളുടെ ധനിക മേല്‍ജാതി പക്ഷപാതിത്വം ഒരു കാരണമാണ്. കത്തോലിക്കരല്ലാത്തവര്‍ ഈ വരേണ്യതയില്‍ ഒരു പടി മുന്നില്‍ നില്‍ക്കും. ധനികര്‍ക്കായുള്ള വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ സഭകളെ കേരളീയ സമൂഹം അമര്‍ഷത്തോടെയാണ് കാണുന്നത്. ഈ വരേണ്യ പക്ഷപാതിത്വത്തിന് ഭൂരിപക്ഷം ക്രിസ്ത്യന്‍ വിശ്വാസികളും എതിരാണ് എന്നതും കേരളത്തിലെ സഭകള്‍ മനസിലാക്കണം. കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഈ ധനിക സവര്‍ണ മേധാവിത്വം ഇല്ലാതാവണം.” അദ്ദേഹം വിശദീകരിക്കുന്നു.


Must Read: പാട്ടുവിറ്റ് പണം വാരുന്നവര്‍ ഉണ്ടാകാം, ഞങ്ങളെ ആ ഗണത്തില്‍പ്പെടുത്തേണ്ട: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ 


ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ വര്‍ഗീയതയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ കേരളത്തിലെ വര്‍ഗീയതയുടെ വളര്‍ച്ച തടയാന്‍ സഭകള്‍ തങ്ങളുടെ സംഭാവന ചെയ്യേണ്ടതുണ്ടെന്നതുമാണ് ആത്മപരിശോധനയ്ക്കുള്ള രണ്ടാമത്തെ കാരണമായി ബേബി ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ സഭകളിലെ പുരോഹിത മേധാവിത്വത്തില്‍ വിശ്വാസികള്‍ക്കു തന്നെ എതിര്‍പ്പുണ്ടെന്നും ഈ എതിര്‍പ്പാണ് ആത്മപരിശോധനയ്ക്കുള്ള മൂന്നാമത്തെ കാരണമെന്നും എം.എ ബേബി പറയുന്നു.

“കേരളത്തിലെ മിക്ക ക്രിസ്തീയ സഭകളിലും പ്രത്യേകിച്ചും കത്തോലിക്കാ സഭകളില്‍ പുരോഹിത മേധാവിത്വം പൂര്‍ണമാണ്. അല്‍മായര്‍ക്ക് വിശ്വാസികളായ സഭാംഗങ്ങള്‍ക്ക്, സഭാ സ്ഥാപനങ്ങളുടെ നടത്തിപ്പിലും സ്വത്തു കൈകാര്യം ചെയ്യലിലും പങ്കില്ലായ്മയാണ് വഴക്കം. ഇതില്‍ വിശ്വാസികള്‍ക്കു തന്നെ എതിര്‍പ്പുണ്ട്.” തന്റെ വാദത്തെ അദ്ദേഹം ഇങ്ങനെയാണ് വിശദീകരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയില്‍ പരിഷ്‌കരണങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇത് മറ്റ് ക്രിസ്ത്യന്‍ സഭകളെയും സ്വാധീനിക്കാനാരംഭിച്ചിരിക്കുന്നു. ഈ പരിഷ്‌കാരങ്ങളുടെ പല അംശങ്ങളും കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മൗലികമായ ഒരു മാറ്റത്തിന് അവര്‍ തയ്യാറായിട്ടില്ല. ആഗോള രാഷ്ട്രീയത്തിന്റെ ഒരു സവിശേഷ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സൃഷ്ടിക്കപ്പെടുന്നത്. ഇതിനു സമാനമായി കേരളത്തിലുണ്ടതായ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ഇവിടെയും പരിഷ്‌കരിക്കപ്പെട്ട ക്രിസ്തീയ സഭകള്‍ അനിവാര്യമാക്കുന്നു എന്നതാണ് നാലാമത്തെ കാരണമായി എം.എ ബേബി മുന്നോട്ടുവെക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണങ്ങളുടെ മുന്നില്‍ കേരളസഭകള്‍ക്കു മാത്രമായി വിലങ്ങി നില്‍ക്കാനാവില്ലെന്നും അത്തരമൊരു പുനരാലോചനയ്ക്ക് ഇ.എം.എസ് മുന്‍കൈയെടുത്ത ക്രിസ്ത്യന്‍ മാര്‍ക്‌സിസ്റ്റ് സംവാദം പുനരാരംഭിക്കുകയാണ് വേണ്ടതെന്നും ബേബി ആവശ്യപ്പെടുന്നു.

കേരളം പോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒരിടത്ത് ക്രിസ്ത്യന്‍ മാര്‍ക്‌സിസ്റ്റ് സംവാദത്തിലൂടെയലല്ലാതെ സഭയ്ക്ക് അര്‍ത്ഥപൂര്‍ണത നേടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയ്‌ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളെയും എം.എ ബേബി പരിശോധനാ വിധേയമാക്കുന്നുണ്ട്. ചരിത്രത്തില്‍ എന്നും കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ എന്നും ലൈംഗികാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാത്രമല്ല മുന്‍പുള്ള പോപ്പുമാരും ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത് സഭയില്‍ തന്നെ എന്നും വലിയ വിവാദവിഷയമായിരുന്നു. മനുഷ്യന്റെ ജൈവിക ത്വരയായ ലൈംഗികതയില്‍ നിന്ന് പുരോഹിതരെയും കന്യാസ്ത്രീകളെയും മാറ്റിനിര്‍ത്തുന്നത് സഭ താമസിയാതെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് താന്‍ കരുതുന്നതെന്നും ബേബി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more