ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളോടോ ഒരിക്കലും ആദരവ് കാണിച്ചിട്ടില്ലാത്തവരാണ് ആര്‍.എസ്.എസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: ദേശീയഗാനം കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് തന്ത്രമാണ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ നടന്നതെന്ന് സി.പി.ഐ.എം നേതാവ് എം.എ ബേബി. ഈ ആര്‍.എസ്.എസ് തന്ത്രത്തിന് ഇരയാവുകയല്ല അതിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കുകയാണ് വേണ്ടതെന്നും ബേബി വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് എം.എ ബേബി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളോടോ ഒരിക്കലും ആദരവ് കാണിച്ചിട്ടില്ലാത്തവരാണ് ആര്‍.എസ്.എസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിനിമാ ഹാളുകളിലെല്ലാം ഓരോ പ്രദര്‍ശനത്തിനും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാന്‍ വരുന്നവരെല്ലാം എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസത്തയ്‌ക്കെതിരാണ്. ഈ ഉത്തരവ് ദേശീയഗാനത്തെ തന്നെ ബാലിശം ആക്കുകയല്ലേയെന്നാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ബേബി അഭിപ്രായപ്പെട്ടു.
Don”t Miss:കള്ളപ്പണം മുസ്‌ലീമിന്റെ പക്കല്‍ നിന്നാണെങ്കില്‍ മാതൃഭൂമിക്ക് പേരുണ്ട്
“നിര്‍ബന്ധിച്ച് ചെയ്യിക്കാനുള്ള ഒന്നായല്ല നമ്മുടെ ദേശീയഗാനത്തെ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമോന്നത കോടതി തന്നെ താമസിയാതെ ഇത് തിരുത്തുമെന്നും എനിക്ക് വിശ്വാസമുണ്ട്.” അദ്ദേഹം പറയുന്നു.
എന്നാല്‍ ഈ ഉത്തരവിന്റെ പേരു പറഞ്ഞ് ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ ഇരുന്ന ചില യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്ത് അവരെ തിയേറ്ററില്‍ നിന്ന് അറസ്റ്റ് ചെയ്യിക്കുകയാണ് ആര്‍.എസ്.എസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികള്‍ക്കെതിരെ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ സ്വീകരിച്ച നിലപാടിനെ എം.എ ബേബി അഭിനന്ദിക്കുകയും ചെയ്തു. “തിയേറ്ററില്‍ പൊലീസ് വന്ന് പരിശോധന നടത്തിയാല്‍ ചലച്ചിത്രോത്സവം നിറുത്തി വയ്ക്കുമെന്ന് പ്രഖ്യാപിച്ച അക്കാദമി അധ്യക്ഷന്‍ കമലിനെ ഞാന്‍ അഭിനന്ദിക്കുന്നു.” അദ്ദേഹം പറയുന്നു.
“കമലിനെതിരെ വിഷലിപ്തമായ വര്‍ഗീയ പ്രചാരണം നടത്തുന്ന ആര്‍.എസ്.എസ് അവരുടെ തനിനിറം കാണിക്കുകയാണ് ചെയ്തിരിക്കുകയാണ്. ഈ ആക്രമണത്തിനെതിരെ പുരോഗമനകേരളം ഒന്നാകെ കമലിനൊപ്പം ഉണ്ട്.” അദ്ദേഹം വ്യക്തമാക്കി.
എവിടെയെങ്കിലും നിര്‍ബന്ധിതമായി പാടണമെന്നു പറഞ്ഞ് അടിച്ചേല്‍പ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ ഭരണഘടനയും നിയമങ്ങളും കണ്ടതെന്നും ബേബി വ്യക്തമാക്കി.
“ഇന്ത്യയുടെ ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കുന്നു. പക്ഷേ, ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമായി പാടണമെന്ന് നാട്ടില്‍ നിയമമില്ല. അത്തരത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്. ” അദ്ദേഹം പറയുന്നു.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയ ചിഹ്നങ്ങളെ കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നു
ദേശീയഗാനത്തെ വിവാദവിഷയമാക്കി അപമാനിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ നമ്മുടെ ദേശീയ മൂല്യങ്ങളോടോ ഒരിക്കലും ആര്‍.എസ്.എസ് ആദരവ് കാണിച്ചിട്ടില്ല.
ടാഗോറിന്റെ ജനഗണമന, ത്രിവര്‍ണ പതാക എന്നിവ മാറ്റി വന്ദേമാതരവും കാവിക്കൊടിയും ആ സ്ഥാനങ്ങളില്‍ കൊണ്ടു വരണമെന്ന് വാശിയുള്ളവരാണവര്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിലെ വന്ദേമാതരത്തിന്റെ പൂര്‍ണരൂപത്തില്‍ മുസ്‌ലിംങ്ങള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടാവുന്ന ചില വരികള്‍ ഉണ്ട് എന്നതാണ് ഇവര്‍ക്ക് അതിനോടുള്ള സ്‌നേഹത്തിന് കാരണം, അല്ലാതെ ദേശസ്‌നേഹമൊന്നുമല്ല. ദേശീയചിഹ്നങ്ങള്‍ ജനങ്ങളില്‍ ഐക്യം ഉണ്ടാക്കാനുള്ളതാണ്, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ല.
നമ്മുടെ ദേശീയഗാനം എഴുതിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തന്നെ ദേശഭ്രാന്തിനെതിരെ അതിശക്തമായി എഴുതിയിട്ടുണ്ട്, മഹാത്മാ ഗാന്ധിയോട് പോലും വിയോജിച്ചുകൊണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ ദേശസ്‌നേഹമല്ല, ദേശഭ്രാന്താണ് എന്നാണദ്ദേഹം ശാന്തിനികേതനില്‍ വന്ന ഗാന്ധിജിയോട് പറഞ്ഞത്. Penguin പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്റെ On Nationalism എന്ന പുസ്തകം ആരെങ്കിലും മലയാളത്തിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.
ഇന്ത്യയുടെ ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കുന്നു. പക്ഷേ, ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമായി പാടണമെന്ന് നാട്ടില്‍ നിയമമില്ല. അത്തരത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്.
ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമാണെന്നോ ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റു നില്ക്കണമെന്നോ നമ്മുടെ ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ല. പാര്‍ലമെന്റിന്റെ സഭകളും നിയമസഭയും മറ്റും കൂടുമ്പോഴും സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലിയിലും ദേശീയഗാനം പാടണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശം കൊടുക്കാറുണ്ട്, നമ്മള്‍ അത് അനുസരിക്കുകയും ചെയ്യുന്നു.
പക്ഷേ, സിനിമാ ഹാളുകളിലെല്ലാം ഓരോ പ്രദര്‍ശനത്തിനും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാന്‍ വരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് അത് കേള്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് ഇന്ന് വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസത്തയ്‌ക്കെതിരാണ് ഈ ഉത്തരവെന്നാണ് എന്റെ അഭിപ്രായം. ചലച്ചിത്രോത്സവം പോലുള്ള ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനോ ആദ്യ പ്രദര്‍ശനത്തിനോ പോര, എല്ലാ സിനിമകള്‍ക്കും എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിക്കണം എന്ന മട്ടിലുള്ള ഉത്തരവ് ദേശീയഗാനത്തെ ബാലിശം (trivial) ആക്കുകയല്ലേ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
നിര്‍ബന്ധിച്ച് ചെയ്യിക്കാനുള്ള ഒന്നായല്ല നമ്മുടെ ദേശീയഗാനത്തെ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമോന്നത കോടതി തന്നെ താമസിയാതെ ഇത് തിരുത്തുമെന്നും എനിക്ക് വിശ്വാസമുണ്ട്.
പക്ഷേ, അതുപയോഗിച്ച് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിലും മറ്റും കുഴപ്പമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ ഇരുന്ന ചില യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്ത് അവരെ തിയേറ്ററില്‍ നിന്ന് അറസ്റ്റ് ചെയ്യിക്കുകയാണ് അവര്‍ ചെയ്തത്.
തിയേറ്ററില്‍ പൊലീസ് വന്ന് പരിശോധന നടത്തിയാല്‍ ചലച്ചിത്രോത്സവം നിറുത്തി വയ്ക്കുമെന്ന് പ്രഖ്യാപിച്ച അക്കാദമി അധ്യക്ഷന്‍ കമലിനെ ഞാന്‍ അഭിനന്ദിക്കുന്നു. കമലിനെതിരെ വിഷലിപ്തമായ വര്‍ഗീയ പ്രചാരണം നടത്തുന്ന ആര്‍.എസ്.എസ് അവരുടെ തനിനിറം കാണിക്കുകയാണ് ചെയ്തിരിക്കുകയാണ്. ഈ ആക്രമണത്തിനെതിരെ പുരോഗമനകേരളം ഒന്നാകെ കമലിനൊപ്പം ഉണ്ട്.
അതോടൊപ്പം ദേശീയഗാനം കരുവാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് തന്ത്രത്തിന് നിന്നുകൊടുക്കരുതെന്നും എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യ ഇന്ന് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.
ഫാഷിസ്റ്റിക്കായ ഒരു നേതാവ് ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ദുരന്തമാണത്. ഇന്ത്യയില്‍ ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗവുമാണത്. നമ്മളെല്ലാം ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ടത് അതിനെയാണ്. അല്ലാതെ, ദേശീയഗാനത്തിന്റെ പേരില്‍ നമ്മെ വിഭജിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതിന് ഇരയാവുകയല്ല വേണ്ടത്.