| Saturday, 20th January 2024, 7:03 pm

വർഗീയതക്കെതിരെ നിലകൊള്ളുന്ന കേരളത്തെ കേന്ദ്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; ഭരണഘടനാ ലംഘനമെന്ന് എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വർഗീയതക്കെതിരെയും രാജ്യത്തെ ദുസ്സഹമാക്കുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെയും ഏറ്റവും പ്രത്യക്ഷമായി പൊരുതുന്ന കേരളത്തോടുള്ള വൈരാഗ്യം കൊണ്ട് സംസ്ഥാനത്തെ കേന്ദ്രം തെരഞ്ഞുപിടിച്ച് അവഗണിക്കുകയും സാമ്പത്തികമായി ആക്രമിക്കുകയുമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളില്ലാതെ ഇന്ത്യ ഇല്ലെന്നും അമിത് ഷായും നരേന്ദ്ര മോദിയും നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി എട്ടിന് സർക്കാർ കേന്ദ്രത്തിനെതിരെ ആരംഭിക്കുന്ന സമരം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ അത്യസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഫെബ്രുവരി എട്ടിന് അത്യസാധാരണമായ സമരത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഒരു സംസ്ഥാന കാബിനറ്റും നിയമസഭാ അംഗങ്ങളും പാർലമെന്റ് അംഗങ്ങളും ദൽഹിയിൽ സമരം നടത്താൻ പോകുകയാണ്.

ഇത് പുതിയ അധ്യായമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ല. അത്രയും ഹീനമായ ഭരണഘടനാ ലംഘനമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്,’ എം.എ. ബേബി പറഞ്ഞു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി കാസർഗോഡ് ആദ്യ കണ്ണിയായും തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റായിരുന്ന ഇ.പി. ജയരാജൻ അവസാന കണ്ണിയായുമാണ് മനുഷ്യച്ചങ്ങല തീർത്തത്.

Content Highlight: MA Baby in DYFI Human chain against Central government neglecting Kerala

We use cookies to give you the best possible experience. Learn more