സന്തോഷത്തിന്റെയല്ല ആശങ്കയുടെ ഒരു പെരുന്നാളാണ് ഇന്ത്യന്‍ മുസ്‌ലീമിനിന്ന്
News of the day
സന്തോഷത്തിന്റെയല്ല ആശങ്കയുടെ ഒരു പെരുന്നാളാണ് ഇന്ത്യന്‍ മുസ്‌ലീമിനിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2017, 12:03 pm

ഹരിയാനയിലെ ബല്ലഭ്ഗഡില്‍ ജുനൈദ് (15 വയസ്സ്) എന്ന ഒരു ചെറുപ്പക്കാരനെ മതവിദ്വേഷത്തിന്റെ പേരില്‍ അക്രമികളായ ആള്‍ക്കൂട്ടം തീവണ്ടിയിലിട്ട് തല്ലിക്കൊന്ന വേളയിലാണ് ഇക്കൊല്ലത്തെ ചെറിയ പെരുന്നാള്‍ വരുന്നത്. എല്ലാവര്‍ക്കും എന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍. എന്നാല്‍, സന്തോഷത്തിന്റെയല്ല ആശങ്കയുടെ ഒരു പെരുന്നാളാണ് ഇന്ത്യന്‍ മുസ്‌ലീമിനിന്ന് എന്നതില്‍ സംശയമില്ല.

പെരുന്നാളിന് സാധനങ്ങള്‍ വാങ്ങാന്‍ ദില്ലിയില്‍ പോയി വരികയായിരുന്നു സഹോദരങ്ങളായ ജുനൈദും ഷക്കീറും (22) ഹാഷിമും. ഇതില്‍ ഇളയ രണ്ടുപേരും ഗുജറാത്തിലെ സൂറത്തിലെ മദ്രസയില്‍ പഠിക്കുന്നവരാണ്. പതിവുപോലെ വീട്ടുകാരോടൊപ്പം പെരുന്നാളാഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നിവര്‍.


Also Read: ‘ഖജനാവ് കൊള്ളയടിക്കുന്നത് നോക്കിനില്‍ക്കാനാവില്ല’ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ വീടിനുമുമ്പില്‍ ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം


തുഗ്ലക്കാബാദില്‍ വച്ച് തീവണ്ടിയില്‍ കയറിയ മതവിദ്വേഷികളായ ആളുകളാണ് മുസ്‌ലീങ്ങളെന്നു കണ്ട ഇവരുടെ നേരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് തല്ലാനും കുത്തിപ്പിരിക്കേല്പിക്കാനും തുടങ്ങിയത്. ജുനൈദ് തീവണ്ടിയില്‍ വച്ചു തന്നെ തല്ലുകൊണ്ട് മരിച്ചു. ഷക്കീറിന്റെ താടി പിഴുതെടുക്കാന്‍ ഇവര്‍ ശ്രമിച്ചു. മൂന്നു തവണ കുത്തുകയും ചെയതു. ഇവരെ ബല്ലഭ്ഗഡില്‍ ഇറങ്ങാന്‍ സമ്മതിക്കാതിരുന്ന ഈ ആള്‍ക്കൂട്ടം പിന്നീട് ഇവരെ തീവണ്ടിയില്‍ നിന്ന് വഴിയിലേക്ക് എറിയുകയായിരുന്നു.

ഇവര്‍ കയ്യില്‍ ബീഫുമായാണ് യാത്ര ചെയ്തത് എന്നാരോപിച്ചായിരുന്നത്രെ തല്ലിക്കൊല്ലല്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലി കശാപ്പ് നിരോധനം ഇത്തരം വംശീയ ആക്രമണങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു എന്നതിന് തെളിവാണ് ഈ തെമ്മാടിത്തം.
നമ്മുടെ രാജ്യത്തെ വര്‍ഗീയ ഭരണം ആള്‍ക്കൂട്ട ആക്രമണങ്ങളിലെത്തിയിരിക്കുകയാണ്.

ഒരു മുന്‍പരിചയവുമില്ലാത്ത ആളുകള്‍, ഒരു ശത്രുതയുമില്ലാത്ത ആളുകളെ മുസ്‌ലിം ആണ് എന്ന പേരില്‍ മാത്രം വഴിയിലിട്ട് അടിച്ചു കൊല്ലുന്നു. രാജ്യം എത്തി നില്ക്കുന്ന ഭയാനകമായ സാഹചര്യത്തെയാണ് ഇത് കാണിക്കുന്നത്.

ഒരു കാര്യം കൂടെ ഓര്‍മിപ്പിക്കാം. ഫാഷിസത്തിന്റെ കാലത്ത് യൂറോപ്പില്‍ ജൂതരെ കൊന്നൊടുക്കിയത്, വഴിയില്‍ തടഞ്ഞിട്ട് കത്തിച്ചത് ആര്‍.എസ്.എസിനെപ്പോലുള്ള ബ്ലാക്ക് ഷേര്‍ട്‌സ് തുടങ്ങിയ ഗുണ്ടാ സംഘങ്ങള്‍ മാത്രമല്ല. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഉദ്ബുദ്ധത മുഴുവനുമുണ്ടായിരുന്ന ജര്‍മന്‍, ഫ്രെഞ്ച്, ഇറ്റാലിയന്‍ മധ്യവര്‍ഗം നേരിട്ട് തെരുവിലിറങ്ങിയാണത് നിര്‍വഹിച്ചത്.


Must Read: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


അത് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. ഇന്ത്യക്ക് മേലുള്ള ആര്‍.എസ്. എസ് ഭീഷണിക്ക് എതിരെ, ജനങ്ങളുടെയെല്ലാം- ഹിന്ദുക്കളുടെയും മുസ്‌ലീങ്ങങ്ങളുടെയും ക്രിസ്ത്യാനികളുടെയും മതമില്ലാത്തവരുടെയും ഐക്യം പടുത്തുയര്‍ത്തുകയാണ് ആ വഴി.