| Monday, 10th April 2017, 5:14 pm

'പാര്‍ട്ടി ഇരുവിഭാഗമായി പോരാടാന്‍ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാര്‍ട്ടി വിരുദ്ധര്‍ നിരാശപ്പെടും'; നിലപാട് വ്യക്തമാക്കി എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരവുമായ് ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ലെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. തന്റെ വാക്കുകളെ വളച്ചൊടിച്ച് പാര്‍ടി ഇരുവിഭാഗമായി പോരാടാന്‍ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാര്‍ടി വിരുദ്ധര്‍ നിരാശപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് പാക് സൈനിക കോടതിയുടെ വധശിക്ഷ 


മഹിജക്കെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ പൊലീസ് നടപടിക്കെതിരെ ബേബി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നിലപാട് വ്യക്തമാക്കിയ ബേബി സമരം അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റുമായ് രംഗത്തെത്തിയത്.

“ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തി വന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍” എന്നു പറഞ്ഞ് കൊണ്ടാണ് ബേബി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സര്‍ക്കാരിന്റേത് മാതൃകാപരമായ നടപടിയാണെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും ബേബി പോസ്റ്റില്‍ പറയുന്നു.

തന്റെ മുന്‍ പോസ്റ്റ് വളച്ചൊടിക്കപ്പെടുകയാണുണ്ടായതെന്നും ബേബി പോസ്റ്റില്‍ പറയുന്നു. “കേസുമായി ബന്ധപ്പെട്ട് ഞാന്‍ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിനെ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും യു.ഡി.എഫ് ബി.ജെ.പി നേതൃത്വവും വളച്ചൊടിക്കുകയാണുണ്ടായത്. ഞാന്‍ പറഞ്ഞ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് കെപിസിസി പ്രസിഡണ്ട് എം എം ഹസനും ബിജെപി പ്രസിഡണ്ട് കുമ്മനം രാജശശേഖരനും രംഗത്ത് വന്നിട്ടുണ്ട്. മഹിജയോട് പൊലീസ് ധാര്‍ഷ്ട്യത്തോടെ പെരുമാറി എന്ന് എം.എ ബേബി പറഞ്ഞതിനെക്കുറിച്ച് എന്താണഭിപ്രായം എന്നാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രതിനിധികള്‍ ചോദിച്ചത്” എന്ന പറയുന്ന ബേബി തന്റെ പോസ്റ്റില്‍ ധാര്‍ഷ്ട്യം എന്ന ഒരു വാക്കേ ഇല്ല എന്നും പറയുന്നു.
മലപ്പുറത്തെ ഒരു തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് പോകുന്ന വഴിക്ക് ചില ചാനലുകള്‍ ഇക്കാര്യത്തെക്കുറിച്ച് എന്റെ പ്രതികരണം ചോദിച്ചപ്പോള്‍, ഒരു കാര്യത്തെക്കുറിച്ച് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു പ്രസ്താവന പുറപ്പെടുവിച്ചാല്‍ പിന്നെ അതിന്മേല്‍ മാധ്യമങ്ങളോട് ഒരു ചര്‍ച്ചയ്ക്കുമില്ല എന്നുമാണ് ഞാന്‍ പറഞ്ഞതെന്ന് പറഞ്ഞ ബേബി അതില്‍ പുതുമയൊന്നുമില്ലെന്നും അതിനെ വ്യാഖ്യാനിച്ച് പാര്‍ടി ഇരുവിഭാഗമായി പോരാടാന്‍ പോകുന്നു എന്ന് മനപ്പായസമുണ്ണുന്ന പാര്‍ടി വിരുദ്ധര്‍ നിരാശപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

“വികാരപരമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് എന്ന് എം എ ബേബി പറഞ്ഞു എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഞാന്‍ വികാരപരമായ സാഹചര്യത്തിലെഴുതി എന്നു പറയുന്നത് ഒരു മാധ്യമവും ദൃശ്യങ്ങളില്‍ കാണിച്ചുമില്ല. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വികാരപരമായ സാഹചര്യത്തെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിച്ചത്. ഈ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ “”ബേബി ഉന്നയിച്ചത് പൊതുവായ കാര്യങ്ങളാണല്ലോ”” എന്നാണ് സഖാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്.” അദ്ദേഹം പറയുന്നു.


Dont miss പടച്ചോനേ!!..;വാര്‍ത്ത വായനയ്ക്കിടെ ദിവാസ്വപ്‌നം കണ്ടിരുന്ന അവതാരക; അമളി പറ്റിയെന്നു മനസ്സിലായതോടെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ, വീഡിയോ


കേരളത്തിലെ പൊതുജനാഭിപ്രായത്തെ മാനിക്കുന്ന സര്‍ക്കാരും പാര്‍ടിയുമാണ് ഞങ്ങളുടേത്. അതു കൂടെ പരിഗണിച്ചാണ് സമരം നടത്തിയ ബന്ധുക്കളുമായി ഒത്തുതീര്‍പ്പ് ഒപ്പിട്ടത്. ജിഷ്ണു പ്രണോയിയുടേത് ഒരു പാര്‍ടി കുടുംബവുമാണ്. ഇനിയും ഇത്തരം പ്രശ്‌നങ്ങളില്‍ പാര്‍ടിയും സര്‍ക്കാരും ജനങ്ങളുടെ പക്ഷത്തു തന്നെ നില്ക്കുെന്നും ബേബി വ്യക്തമാക്കി.

“പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയാല്‍ നടത്തുന്ന വിമര്‍ശനം പാര്‍ട്ടിക്കോ പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരിനോ എതിരായ വിമര്‍ശനമല്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റു എല്‍.ഡി.എഫ് നേതാക്കളും ഇടപെട്ട് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ട്. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ആരെയെങ്കിലും താറടിക്കാനുള്ള ചര്‍ച്ചകള്‍ ഇനി അനാരോഗ്യകരമാണ്. ജിഷ്ണു പ്രണോയിമാര്‍ ഇനിയുണ്ടാകാതിരിക്കാന്‍ സര്‍ക്കാരും കേരള സമൂഹവും ഒരുമിച്ച് നീങ്ങുകയാണ് ഇനി വേണ്ടത്.” എന്നു പറഞ്ഞു കൊണ്ടാണ് ബേബി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more