തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന ആര്‍.എസ്.എസ്, ഹിജാബ് വിഷയത്തില്‍ വര്‍ഗീയവിഭജനം നടത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍: എം.എ. ബേബി
Kerala News
തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന ആര്‍.എസ്.എസ്, ഹിജാബ് വിഷയത്തില്‍ വര്‍ഗീയവിഭജനം നടത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 12:07 pm

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എം.എ. ബേബി.

ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ഗീയവിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നാണ് എം.എ. ബേബി പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും ഈ അവകാശത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് എന്നും എം.എ. ബേബി പറഞ്ഞു.

”ഭരണഘടനയുടെ ഇതേ തത്വം അനുസരിച്ചാണ് സിഖ് മതവിശ്വാസികള്‍ തലപ്പാവും കൃപാണും ഒക്കെ ധരിക്കുന്നത്.
വിവിധ കോടതിവിധികളും നിയമനിര്‍മാണങ്ങളും ഈ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്. അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ല,” അദ്ദേഹം പറഞ്ഞു.

ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വസ്ത്രം ആണോ, എന്ന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച അര്‍ത്ഥശൂന്യമാണെന്നും അത് ഉയര്‍ത്തിപ്പിടിച്ച് ആര്‍.എസ്.എസ് മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ വരികയാണെന്നും എം.എ. ബേബി പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും എന്ന് തോന്നിയ ആര്‍.എസ്.എസ് ജനങ്ങളില്‍ വര്‍ഗീയവിഭജനം നടത്തി പിടിച്ചുനില്‍ക്കാനാവുമോ എന്നാണ് പരിശ്രമിക്കുന്നത്.

ഈ നികൃഷ്ടശ്രമത്തെ എല്ലാ ജനാധിപത്യവാദികളും ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തണം.

കര്‍ണാടകയില്‍ പരിമിതമായ ശക്തി മാത്രമുള്ള സി.പി.ഐ.എമ്മും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ തുടങ്ങിയ ജനാധിപത്യസംഘടനകളും ആര്‍.എസ്.എസിന്റെ ദുഷ്ടലാക്കിനെതിരെ സാധ്യമായ വിധത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി പ്രവര്‍ത്തിക്കുകയാണ്.

വര്‍ഗീയ സംഘട്ടനങ്ങളിലൂടെ ചോരക്കളി നടത്തിയായാലും ഭരണനേതൃത്വം കയ്യടക്കണമെന്ന ആര്‍.എസ്.എസിന്റെ രാക്ഷസീയരാഷ്ട്രീയം മാനവികമൂല്യങ്ങള്‍ കൈമോശം വന്നിട്ടില്ലാത്തവര്‍ കൈകോര്‍ത്തുനിന്ന് പൊരുതി തോല്‍പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജില്‍ പഠിക്കുന്ന ആറ് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് ക്ലാസിന് പുറത്ത് പോകാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

പിന്നാലെ സംഘപരിവാര്‍-ഹിന്ദുത്വ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കാര്യങ്ങല്‍ അക്രമത്തിലെത്തുകയും പൊലീസ് ഇടപെടുകയുമായിരുന്നു.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.


Content Highlight: MA Baby Facebook post on Karnataka college Hijab ban issue