| Sunday, 12th June 2022, 8:20 pm

ആര്‍.എസ്.എസിന്റെ കയ്യിലെ പാവയായ സ്ത്രീ പറയുന്നത് കേട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുന്നതാണോ നിങ്ങളുടെ രാഷ്ട്രീയകടമ? വി.ഡി. സതീശന് തുറന്ന കത്തെഴുതി എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയടക്കം ആരോപണങ്ങളുന്നയിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എഴുതിയ ഒരു തുറന്ന കത്ത് എന്ന രീതിയിലാണ് തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ ചട്ടുകമാവരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് കത്തെഴുതുന്നത് എന്ന് പറഞ്ഞ എം.എ ബേബി, ആര്‍.എസ്.എസിന്റെ കയ്യിലെ പാവയായ സ്ത്രീ പറയുന്നത് കേട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുന്നതാണോ വി.ഡി. സതീശന്റെ രാഷ്ട്രീയകടമ, എന്നും കത്തില്‍ ചോദിക്കുന്നുണ്ട്.

”ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസിന്റെ ചട്ടുകമാവരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആര്‍.എസ്.എസിന്റെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവില്‍ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?,” എം.എ ബേബി പറഞ്ഞു.

2025ല്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികമാണ് വരാനിരിക്കുന്നതെന്ന് വി.ഡി. സതീശനെ ഓര്‍മിപ്പിക്കുന്ന് ഓര്‍മിപ്പിക്കുന്ന എം.എ ബേബി പ്രവാചക നിന്ദാ പരാമര്‍ശവും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയായിരുന്നു ആര്‍.എസ്.എസ് ബാബ്‌റി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവര്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചതെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

അര്‍ധഫാസിസ്റ്റ് വാഴ്ചയ്ക്ക് എതിരെ ഒരു ശക്തിയാവും എന്ന് തെറ്റിദ്ധരിച്ചാണ് കേരളത്തില്‍ നിന്നും ജനങ്ങള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളെ നല്‍കിയതെന്നും എന്നാല്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്നും എം.എ ബേബി കത്തില്‍ ആരേപിച്ചു.

”നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളെ നല്‍കിയ കേരളത്തിലെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? ഇരുപതില്‍ പത്തൊമ്പത് എം.പിമാരെ നിങ്ങളുടെ മുന്നണിക്ക് തന്നത് അര്‍ധഫാസിസ്റ്റ് വാഴ്ചയ്ക്ക് എതിരെ നിങ്ങള്‍ ഒരു ശക്തിയാവും എന്ന് തെറ്റിദ്ധരിച്ചാണ്. പക്ഷേ, നിങ്ങള്‍ ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിനെതിരായ പോരാട്ടമാണെന്ന് തങ്ങളുടെ ഒന്നാമത്തെ കടമ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം, എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും അദ്ദേഹം പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശന്‍,

കോണ്‍ഗ്രസിന്റെ ഒരു നേതാവ് എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കള്‍ ബോധവാനാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസിന്റെ ചട്ടുകം ആവരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആര്‍.എസ്.എസിന്റെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവില്‍ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?

2025ല്‍ ആര്‍.എസ്.എസ് സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാണ്. ഹിന്ദുരാഷ്ട്രം എന്ന ആര്‍.എസ്.എസ് ലക്ഷ്യം നേടുന്നതില്‍ വലിയ ചുവടുവെയ്പുകള്‍ അന്നേക്ക് നേടണം എന്നതില്‍ ഈ അര്‍ധ ഫാസിസ്റ്റ് മിലിഷ്യയ്ക്ക് താല്‍പര്യമുണ്ട്. അതിനുള്ള നടപടികള്‍ ഒന്നൊന്നായി അവര്‍ എടുത്തുവരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കല്‍പം റദ്ദ് ചെയ്യുന്നതില്‍ അവര്‍ വളരെയേറെ മുന്നോട്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ബാബ്‌റി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവര്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചു.

തുടര്‍ന്ന് നടന്ന വര്‍ഗീയലഹളകളെയെല്ലാം ആര്‍.എസ്.എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്. ഗുജറാത്തില്‍ നടത്തിയ ലഹള അടക്കമുള്ള കൂട്ടക്കൊലകള്‍ ഉപയോഗിച്ച് ബി.ജെ.പി ഇന്ത്യയിലെ ഭരണകക്ഷിയായി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് അതിനെ ഒരു കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തുക, പൗരത്വാവകാശത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനം കൊണ്ടുവരിക എന്നിവയില്‍ തുടങ്ങി നിത്യജീവിതത്തില്‍ മതന്യൂനപക്ഷത്തില്‍ പെടുന്നവരെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ദലിത്- പിന്നാക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതില്‍ എത്തിനില്‍ക്കുകയാണ് ആര്‍.എസ്.എസുകാര്‍ നടത്തുന്ന ഭരണം.

കൂടുതല്‍ പള്ളികള്‍ പൊളിച്ച് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ അവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് ന്യൂനപക്ഷമതാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റ് പാര്‍ശ്വവല്‍കൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവര്‍ ശ്രമിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക നില, മന്‍മോഹന്‍ സിംഗ് പറഞ്ഞപോലെ, ഓടുന്ന വണ്ടിയുടെ ടയറില്‍ വെടിവെച്ച് പഞ്ചറാക്കിയത് മോദി ഭരണമാണ്. താങ്ങാനാവാത്ത വിലക്കയറ്റവും ഒരിക്കലുമില്ലാത്ത തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍, ഇസ്‌ലാം മതപ്രവാചകനെ നിന്ദിച്ചു പ്രകോപനം ഉണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്‌നം ഹിന്ദു-മുസ്‌ലിം തര്‍ക്കം ആക്കാനുള്ള ഗൂഢപദ്ധതിയിലാണ് സംഘപരിവാര്‍. ഇത് എഴുതുമ്പോള്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ (അലഹബാദ്) ജെ.എന്‍.യുവിലെ ഒരു വിദ്യാര്‍ത്ഥിനി നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ്. പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതികരിച്ചു എന്ന കുറ്റത്തിന് കേസും കോടതിയും വിചാരണയും ഇല്ലാതുള്ള ശിക്ഷ നടപ്പാക്കല്‍!

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളെ നല്‍കിയ കേരളത്തിലെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? ഇരുപതില്‍ പത്തൊമ്പത് എം.പിമാരെ നിങ്ങളുടെ മുന്നണിക്ക് തന്നത് അര്‍ധഫാസിസ്റ്റ് വാഴ്ചയ്ക്ക് എതിരെ നിങ്ങള്‍ ഒരു ശക്തിയാവും എന്ന് തെറ്റിദ്ധരിച്ചാണ്. പക്ഷേ, നിങ്ങള്‍ ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണ്.

കേരളത്തിലെ ഉന്നതരാഷ്ട്രീയ ബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആര്‍.എസ്.എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ആദരപൂര്‍വ്വം,
എം.എ. ബേബി

Content Highlight: MA Baby Facebook post, an open letter to VD Satheesan criticising Congress

We use cookies to give you the best possible experience. Learn more